മുംബൈ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്‌ മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം ഖത്തറില്‍വെച്ച് നടക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കായി 28 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചത്. 

മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദും ആഷിഖ് കുരുണിയനും ടീമില്‍ ഇടം നേടി. ബ്രണ്ടന്‍ ഫെര്‍ണാണ്ടസും സുഭാഷിശ് ബോസും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഗോവന്‍ സ്വദേശിയായ ഗ്ലന്‍ മര്‍ടിനെസ് ആണ് ടീമിലെ പുതുമുഖം. ഇഷാന്‍ പണ്ഡിതയും സുനില്‍ ഛേത്രിയും മന്‍വീര്‍ സിങ്ങുമാണ് മുന്നേറ്റതാരങ്ങള്‍. 

ഒരാഴ്ച്ചയായി ക്വാറന്റെയ്‌നിലായിരുന്ന ടീം ബുധനാഴ്ച്ച ഖത്തറിലേക്ക് പുറപ്പെടും. കോവിഡ് പരിശോധനക്ക് ശേഷമാണ് ടീം വിമാനം കയറുക. ജൂണ്‍ മൂന്നിന് ഖത്തറിനെതിരേയും ജൂണ്‍ ഏഴിന് ബംഗ്ലാദേശിന് എതിരേയും ജൂണ്‍ 15-ന് അഫ്ഗാനിസ്താന് എതിരേയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍. 

Content Highlights: World Cup Football Qualification 2021