മോസ്‌ക്കോ: 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ മാറ്റുരക്കുന്ന 32 രാജ്യങ്ങളുടെ പട്ടിക തയ്യാറായി. പ്ലേ ഓഫില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് യോഗ്യത നേടിയ പെറുവാണ് ലോകകപ്പിനുള്ള ടീമുകളുടെ പട്ടികയില്‍ ഇടംപിടിച്ച അവസാന ടീം. 1982ന് ശേഷം ആദ്യമായാണ് പെറു ലോകകപ്പിന് യോഗ്യത നേടുന്നത്.

2454 ഗോളുകളും 2965 മഞ്ഞക്കാര്‍ഡുകളും പിറന്ന 871 യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷമാണ് 32 രാജ്യങ്ങള്‍ ലോകവേദിയില്‍ മാറ്റുരക്കാനെത്തുന്നത്. 209 രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ അവസാന കടമ്പയും കടന്ന 32 രാജ്യങ്ങള്‍. 

നാല് തവണ ചാമ്പ്യന്‍മാരായ ജര്‍മനി, മുന്‍ ചാമ്പ്യമാരായ ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, 2016 യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് യൂറോപ്പില്‍ നിന്നുള്ള ശ്രദ്ധാകേന്ദ്രം. ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമാണ് ഐസ്‌ലന്‍ഡ്. 

ആഫ്രിക്കയില്‍ നിന്ന് ഈജിപ്ത്, മൊറോക്കോ, നൈജീരിയ, സെനഗല്‍, തുനീഷ്യ എന്നീ രാജ്യങ്ങള്‍ ആഫ്രിക്കയില്‍ നിന്ന് ലോകവേദിയിലെത്തും. യോഗ്യതാ റൗണ്ടില്‍ 48 ഗോളുകളടിച്ചു കൂട്ടിയാണ് ഓസ്‌ട്രേലിയയുടെ വരവ്. ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഏഷ്യയില്‍ നിന്നും ലോകകപ്പിനെത്തുന്നു.

ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍, അര്‍ജന്റീന, കൊളംബിയ, ഉറുഗ്വെ, പെറു ടീമുകളാണ് ലോകകപ്പിന് ടിക്കറ്റെടുത്തത്. അതേസമയം ഇറ്റലി. ഹോളണ്ട്, ഘാന, ഐവറികോസ്റ്റ് തുടങ്ങിയ പ്രമുഖരുടെ അഭാവവവും ലോകകപ്പില്‍ നിഴലിച്ചു നില്‍ക്കുന്നുണ്ട്. 

നാലു പോട്ടുകളായി തിരിച്ചാണ് ലോകകപ്പിനുള്ള ഓരോ ഗ്രൂപ്പുകളിലേക്കുമുള്ള നറുക്കെടുപ്പ് നടക്കുക. ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും പോട്ട് ഒന്നിലും സ്‌പെയിനും ഇംഗ്ലണ്ടും പോട്ട് രണ്ടിലുമാണ്.