ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ആരാധകര്‍ ആകംക്ഷയോടെ ഉറ്റുനോക്കിയ ബ്രസീല്‍അര്‍ജന്റീന പോരാട്ടം സമനിലയില്‍ (1-1) പിരിഞ്ഞു. മഴമൂലം കഴിഞ്ഞദിവസം മാറ്റിവെച്ച മത്സരത്തില്‍, ലാവേസിയുടെ ഗോളിലൂടെ (34ാം മിനിറ്റ്) ആതിഥേയരായ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ലൂക്കാസ് ലിമയാണ് (58) ബ്രസീലിനുവേണ്ടി സമനിലഗോള്‍ കണ്ടെത്തിയത്. ലോകകപ്പ് യോഗ്യതയ്ക്കുള്ള ലാറ്റിനമേരിക്കന്‍ മേഖലാറൗണ്ടിലെ മൂന്നുകളിയില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി ബ്രസീല്‍ നാലാംസ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ടു സമനിലയും ഒരു തോല്‍വിയുമായി അര്‍ജന്റീന പട്ടികയില്‍ ഒമ്പതാമതാണ്.

 4-3-3 രീതിയിലാണ് ജെറാര്‍ഡോ മാര്‍ട്ടിനോ അര്‍ജന്റീനാ നിരയെ വിന്യസിച്ചത്. പരിക്കിലായ മെസ്സിയുടെ അഭാവത്തില്‍ ഡിമരിയ, ഹിഗ്വെയ്ന്‍, ലാവേസി എന്നിവര്‍ ആക്രമണത്തെ നയിച്ചു. ഡി മരിയയും ഹിഗ്വെയ്‌നും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തില്‍നിന്നാണ് ലാവേസി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 

റിക്കാര്‍ഡോ ഒളിവെറയെ മുന്നില്‍നിര്‍ത്തി 4-5-1 രീതിയിലാണ് ദുംഗ ബ്രസീല്‍ ടീമിനെ അണിനിരത്തിയത്. പകുതിസമയത്ത് ഒരു ഗോളിന് പിന്നിലായശേഷം ഉണര്‍ന്നുകളിച്ച കാനറികള്‍ 58ാം മിനിറ്റില്‍ സമനിലപിടിച്ചു. പകരക്കാരനായി ഇറങ്ങിയ ഡഗ്ലസ് കോസ്റ്റയുടെ ഷോട്ട് ബാറില്‍തട്ടി മടങ്ങിയപ്പോള്‍ ലൂകാസ് ലിമ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. പിന്നീട് മുന്നിലെത്താനുള്ള ഇരു ടീമുകളുടെയും ശ്രമം ഫലംകണ്ടില്ല. കളി പലപ്പോഴും പരുക്കനാകുകയും ചെയ്തു. റഫറി പലതവണ മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത മത്സരത്തില്‍ ബ്രസീല്‍ താരം ഡേവിഡ് ലൂയിസ് 90ാം മിനിറ്റില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി.

കോപ്പ അമേരിക്കയില്‍ വിലക്കുനേരിട്ടശേഷം ദേശീയടീമില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം നെയ്മര്‍ക്ക് തിളങ്ങാനായില്ല. മെസ്സി, ടെവസ്, അഗ്യൂറോ എന്നിവരില്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്. മറ്റൊരു മത്സരത്തില്‍ പെറു (1-0) പാരഗ്വായെ തോല്‍പ്പിച്ചു.