കോഴിക്കോട്: വനിതാ ഫുട്‌ബോളില്‍ പുതുചരിത്രം കുറിക്കാനുള്ള പുറപ്പാടിലാണ് കേരളത്തിന്റെ പെണ്‍പട. സ്വന്തം മണ്ണില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കന്നിക്കിരീടമാണ് യുവനിരയുടെ ലക്ഷ്യം. കോവിഡിനെയും കാലംതെറ്റിയ മഴയെയുമൊന്നും കൂസാതെ അവര്‍ അതിനായുള്ള കഠിനശ്രമത്തിലാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 28 മുതല്‍ ഡിസംബര്‍ ഒമ്പതുവരെയാണ് ചാമ്പ്യന്‍ഷിപ്പ്.

ദേവഗിരി സെയ്ന്റ്‌ജോസഫ് കോളേജ് മൈതാനത്ത് കോച്ച് അമൃത അരവിന്ദിന്റെ നേതൃത്വത്തിലാണ് 26-അംഗ സംഘം പരിശീലനം നടത്തുന്നത്. മൂന്നാം തീയതി എറണാകുളത്താണ് ക്യാമ്പ് തുടങ്ങിയത്. 13-മുതല്‍ കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുന്ന കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

എറണാകുളത്തു നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ തിരഞ്ഞെടുത്തത്. കാലിക്കറ്റ്, മഹാത്മാഗാന്ധി സര്‍വകലാശാലാ താരങ്ങളാണ് ക്യാമ്പില്‍ കൂടുതലും. ഇന്ത്യന്‍ താരം ടി. നിഖില, ഗോകുലത്തിനായി എ.എഫ്.സി. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച ഗോള്‍കീപ്പര്‍ ഹീര ജി. രാജ്, പ്രതിരോധനിരയിലെ മഞ്ജു ബേബി, വി. ഫെമിനാ രാജ്, കെ. അതുല്യ എന്നിവര്‍ ക്യാന്പിലുണ്ട്. പ്രതിരോധം തന്നെയാവും ടീമിന്റെ കരുത്ത്.

ഇത്തവണ സെമിഫൈനല്‍ വരെ വലിയ പ്രയാസമില്ലാതെ മുന്നേറാനാവുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് അമൃത പറഞ്ഞു. സേതു എഫ്.സി.ക്ക് 2019-ലെ ദേശീയ വനിതാലീഗ് നേടിക്കൊടുത്ത പരിശീലകയാണ് മുന്‍ സംസ്ഥാനതാരമായ അമൃത. മണിപ്പുര്‍, ഇന്ത്യന്‍ റെയില്‍വേസ്, ഒഡിഷ, ഡല്‍ഹി ടീമുകളാണ് കേരളത്തിന് വെല്ലുവിളായാവുക. മണിപ്പൂരാണ് നിലവിലെ ജേതാക്കള്‍.2006-ല്‍ ഭിലായില്‍ രണ്ടാംസ്ഥാനം നേടിയതാണ് ഇതുവരെ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഗ്രൂപ്പിലെ രണ്ട് ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കും.

Content Highlights: Women's National Football Championship, Kerala Football team