സൂറിച്ച്: വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പ്രസവാവധി അനുവദിക്കുന്ന ചരിത്രപരമായ തീരുമാനവുമായി ഫിഫ. 

വനിതാ താരങ്ങള്‍ക്ക് ചുരുങ്ങിയത് 14 ആഴ്ച പ്രസവാവധി അനുവദിക്കാനുള്ള തീരുമാനത്തിന് വെള്ളിയാഴ്ച ചേര്‍ന്ന ഫിഫ കൗണ്‍സില്‍ അംഗീകാരം നല്‍കി. പ്രസവത്തിനു ശേഷം ചുരുങ്ങിയത് എട്ട് ആഴ്ചയാണ് അവധി ലഭിക്കുക. 

14 ആഴ്ച പ്രസവാവധി അനുവദിക്കുന്ന താരങ്ങള്‍ക്ക് കരാര്‍ അനുസരിച്ചുള്ള തുകയുടെ മൂന്നില്‍ രണ്ടുഭാഗം പ്രതിഫലമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

മാത്രമല്ല ഒരു താരം പ്രസവാവധി പൂര്‍ത്തിയാക്കിയ ശേഷം അവരെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും ക്ലബ്ബ് ഉറപ്പാക്കണമെന്നും ഫിഫ നിര്‍ദേശിച്ചു.

Content Highlights: Women footballers are to be guaranteed maternity leave under new rules approved by FIFA