മാഡ്രിഡ്: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പോയശേഷം റയലിന്റെ നില അല്‍പം പരുങ്ങലിലാണ്. ലാ ലിഗ മത്സരത്തില്‍ അലാവെസിനോട് റയല്‍ തോറ്റു. 95-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അലാവെസിന്റെ വിജയം. ഇതോടെ എട്ട് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് റയലിന്റെ സമ്പാദ്യം. നാല് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ രണ്ട് വീതം മത്സരങ്ങളില്‍ തോല്‍വിയും സമനിലയുമാണ് റയലിന്റെ സമ്പാദ്യം.

മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ അലാവെസിന്റെ കോര്‍ണര്‍ പ്രതിരോധിക്കുന്നതില്‍ റയല്‍ പരാജയപ്പെടുകയായിരുന്നു. കിട്ടിയ അവസരം മുതലെടുത്ത് മാനുവല്‍ ഗാര്‍ഷ്യ സാഞ്ചസ് ലക്ഷ്യം കണ്ടു. അതേസമയം അലാവെസ് ഗോള്‍കീപ്പറെ ഒന്നുപരീക്ഷിക്കാന്‍ പോലും റയലിന് കഴിഞ്ഞില്ല.

കഴിഞ്ഞ 400 മിനിറ്റില്‍ ഒരു ഗോള്‍ പോലും കണ്ടെത്താന്‍ റയലിന് കഴിഞ്ഞിട്ടില്ല. ക്രിസ്റ്റിയാനോ പോയതിന് ശേഷമുള്ള വിടവ് ഇതുവരെ ടീം നികത്തിയിട്ടില്ല. ഇക്കാര്യം റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് നേരത്ത വ്യക്തമാക്കിയിരുന്നു. 

ലീഗിലെ മറ്റു മത്സരങ്ങളില്‍ ലെഗനെസ് റയോ വല്ലെക്കാനോയെ പരാജയപ്പെടുത്തി. ലെവാന്റെ ഒരൊറ്റ ഗോളിനെ ഗെറ്റാഫെയെ തോല്‍പ്പിച്ചപ്പോള്‍ ജിറോണയക്കെതിര എയ്ബര്‍ 3-2ന് വിജയിച്ചു. അത്‌ലറ്റിക്കോ ബില്‍ബാവോയെ റയല്‍ സൊസൈദാദും പരാജയപ്പെടുത്തി. 

Content Highlights: Without A Goal In Over 400 Minutes Real Madrid loss at Alaves