മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വല്ലാഡോളിഡിനെതിരായ ജയത്തോടെ ലാ ലിഗ കിരീടപ്പോരാട്ടം തുടര്‍ന്ന് ബാഴ്‌സ.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. 15-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന് ആര്‍തുറോ വിദാലാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. 

ജയത്തോടെ 36 മത്സരങ്ങളില്‍ നിന്ന് 79 പോയന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള വ്യത്യാസം ഒന്നാക്കി കുറച്ചു. ബാഴ്‌സയേക്കാള്‍ ഒരു മത്സരം കുറവ് കളിച്ച റയലിന് ഒന്നാം സ്ഥാനത്ത് 80 പോയന്റുണ്ട്. 

കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ഇലവനില്‍ ലൂയിസ് സുവാരസ് ഇല്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്.

നേരത്തെ ലീഗില്‍ തുടര്‍ച്ചയായ എട്ട് ജയങ്ങളുമായി റയല്‍ കിരീടത്തോട് അടുത്തിരുന്നു. കഴിഞ്ഞ ദിവസം അലാവസിനെതിരായ എവേ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് സിദാന്റെ കുട്ടികള്‍ ജയിച്ചു കയറിയത്. റയലിന്റെ തുടര്‍ച്ചയായ അഞ്ചാം ക്ലീന്‍ ഷീറ്റായിരുന്നു ഇത്.

ലീഗില്‍ റയലിന് മൂന്നും ബാഴ്‌സയ്ക്ക് രണ്ടും മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. ഇനിയുള്ള മൂന്നു മത്സരങ്ങളില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ റയല്‍ കിരീടമുയര്‍ത്തും. ബാഴ്സയ്ക്കാകട്ടെ റയല്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ തോല്‍ക്കുന്നതിനൊപ്പം എല്ലാ മത്സരങ്ങളിലും ജയിക്കുകയും വേണം.

Content Highlights: win over Valladolid Arturo Vidal keeps Barcelona in Liga fight