മാഞ്ചെസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ വിജയം തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ സിറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കാര്‍ഡിഫ് സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. 

ജയത്തോടെ ലിവര്‍പൂളിനെ മറികടന്ന് സിറ്റി ലീഗില്‍ വീണ്ടും ഒന്നാമതെത്തി. മത്സരം തുടങ്ങി ആറാം മിനിറ്റില്‍ ലാപോര്‍ട്ടെയുടെ പാസില്‍ നിന്ന് കെവിന്‍ ഡിബ്രൂയിനാണ് സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിക്ക് ഒരു മിനിറ്റ് മുന്‍പ് ജെസ്യൂസിന്റെ പാസില്‍ നിന്ന് സാനെ സിറ്റിയുടെ ഗോള്‍ പട്ടിക തികച്ചു.  

കഴിഞ്ഞ 17 ലീഗ് മത്സരങ്ങളില്‍ സിറ്റിയുടെ 16-ാം ജയമാണിത്. 32 മത്സരങ്ങളില്‍ നിന്ന് സിറ്റിക്ക് 80 പോയന്റായി. രണ്ടാമതുള്ള ലിവര്‍പൂളിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 79 പോയന്റുണ്ട്.

win for manchester city and chelsea

ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ സജീവമാക്കി ചെല്‍സി

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ സജീവമാക്കി ചെല്‍സി. സ്വന്തം മൈതാനത്ത് ബ്രൈട്ടനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പ്പിച്ചത്. 

38-ാം മിനിറ്റില്‍ ഹഡ്‌സണ്‍ ഒഡോയിയുടെ അസിസ്റ്റില്‍ നിന്ന് ഒളിവര്‍ ജിറൂദാണ് ഗോളടിക്ക് തുടക്കമിട്ടത്. 60-ാം മിനിറ്റില്‍ ഹസാര്‍ഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ലോഫ്റ്റസ് ചീക്ക്‌ന്റെ പാസില്‍ നിന്നായിരുന്നു ഹസാര്‍ഡിന്റെ ഗോള്‍. മൂന്നു മിനിറ്റുകള്‍ക്കു ശേഷം ലോഫ്റ്റസ് ചീക്ക് തന്നെ ചെല്‍സിയുടെ ഗോള്‍ പട്ടിക തികച്ചു.

ജയത്തോടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് ചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി.

Content Highlights: win for manchester city and chelsea