ന്യൂല്‍ഹി: ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇവരില്‍ ആരാണ് ലോകത്തെ മികച്ച ഫുട്‌ബോളര്‍ എന്ന തര്‍ക്കം ഫുട്‌ബോള്‍ പ്രേമികളുടെ ഓരോ ചര്‍ച്ചകളിലും കടന്നുവരാറുണ്ട്. ഇക്കാര്യത്തില്‍ ലോക ഫുട്‌ബോളിലെ പലതാരങ്ങളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുമുണ്ട്. 

എന്നാലിപ്പോഴിതാ ഒരു ദശാബ്ദത്തോളമായി തുടരുന്ന ഫുട്‌ബോള്‍ ആരാധകരുടെ തര്‍ക്കത്തില്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. തന്നോട് ഒരു ടീമിനെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ലയണല്‍ മെസ്സിയേ ആകും താന്‍ ടീമിലെടുക്കുകയെന്ന് പെലെ പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ബൈചുങ് ബൂട്ടിയയോട് സംസാരിക്കവെയാണ് പെലെ തന്റെ നിലപാട് വ്യക്തമാക്കിയത്. റൊണാള്‍ഡോയെയും മെസ്സിയേയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും പെലെ പറഞ്ഞു. 

''ഇരുവരും കളിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ജോര്‍ജ് ബെസ്റ്റുമായി പലരും എന്നെ താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ ഞങ്ങളുടെ രണ്ടാളുടെയും കളികള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു. അതുപോലെയാണ് മെസ്സിയേയും റൊണാള്‍ഡോയെയും താരതമ്യം ചെയ്യുന്നത്'', പെലെ വ്യക്തമാക്കി.

റൊണാള്‍ഡോ മികച്ച സെന്റര്‍ ഫോര്‍വേര്‍ഡ് ആണ്. കളിക്കാരനെന്ന നിലയില്‍ മെസ്സിയാണ് കൂടുതല്‍ മികച്ച താരം. തന്റെ ടീമില്‍ റൊണാള്‍ഡോ വേണോ മെസ്സി വേണോ എന്ന് ചോദിച്ചാല്‍ മെസ്സിയെ തിരഞ്ഞെടുക്കുമെന്നും പെലെ പറഞ്ഞു.

Content Highlights: will pick lionel messi over cristiano ronaldo says pele