കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പരിശീലകന്‍ ആരായിരിക്കുമെന്ന ചര്‍ച്ച മുറുകുകയാണ്. ലോക ഫുട്‌ബോളിലെ തന്നെ മികച്ച പരിശീലകരായ പീറ്റര്‍ ബോഷും ലൂയി ഫിലിപ്പ് സ്‌കോളാരിയും വരെ അഭ്യൂഹങ്ങളില്‍ നിറയുന്നു. ഏഴ് സീസണ്‍ കൊണ്ട് ഒമ്പത് പരിശീലകരെ പരീക്ഷിച്ച ടീമിന്റെ ഹോട്ട് സീറ്റിലേക്ക് ആരാകും വരുമെന്ന ആകാംഷ ഫുട്‌ബോള്‍ ലോകത്തുമുണ്ട്.

മുഖ്യപരിശീലകനെ ഉടനെ പ്രഖ്യാപിക്കുമെന്നാണ് രണ്ടാഴ്ച്ച മുമ്പ് പുറത്തുവിട്ട വീഡിയോയില്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് ഇതേകുറിച്ച് ഔദ്യോഗികമായി അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ സ്പാനിഷ് പരിശീലകന്‍ കിബു വികുന ടീം വിട്ടത് മുതല്‍ പുതിയ പരിശീലകനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. സ്‌കിന്‍കിസ് പരിശീലകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ടവരെകുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

ജര്‍മന്‍ ക്ലബ്ബുകളായ ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡ്, ബയേര്‍ ലേവര്‍ക്യൂസന്‍ തുടങ്ങിയ വന്‍ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഡച്ചുകാരനായ പീറ്റ് ബോഷാണ് അഭ്യൂഹങ്ങളില്‍ മുന്‍പന്തിയിലുള്ളത്. ബ്രസീല്‍ ടീം മുന്‍ പരിശീലകന്‍ ലൂയി ഫിലിപ്പെ സ്‌കോളാരി, ബാഴ്‌സലോണയുടെ മുന്‍ സഹ പരിശീലകന്‍ യുസേബിയോ സ്‌ക്രിസ്റ്റന്‍, പോര്‍ച്ചുഗല്‍ പരിശീലകന്‍ വിക്ടര്‍ പെരേര, ഹെര്‍ത്ത ബെര്‍ലിന്‍ മുന്‍ പരിശീലകന്‍ ബ്രൂണോ ലമ്പാഡിയ, തുടങ്ങിയ പേരുകള്‍ പലപ്പോഴായി ഉയര്‍ന്നു വന്നു. ബ്ലാസ്റ്റേഴ്‌സിനെ മുമ്പ് പരിശീലിപ്പിച്ച സ്റ്റീവ് കോപ്പല്‍, എല്‍കോ ഷെട്ടോരി, കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിച്ച ജൈറാര്‍ഡ് നൂസ് എന്നിവരും പട്ടികയിലുണ്ടെന്നും വാര്‍ത്തകളുണ്ടായി.

ഒന്നിലധികം സീസണ്‍ ടീമിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന പരിശീലകനെയാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്‍പരിശീലകര്‍ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാന്‍ താല്‍പ്പര്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യം സ്‌കിന്‍കിസ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

Content Highlights: Who will be the next coach of kerala blasters