ഫിഫയുടെ മികച്ച ഫുട്ബോളറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ നായകൻ ലയണല്‍ മെസ്സിയും ആര്‍ക്കായിരിക്കും വോട്ട് ചെയ്തിട്ടുണ്ടാകുക എന്ന ചോദ്യത്തിന് പൊന്നിന്റെ വിലയാണ്. എല്ലാ വർഷവും വിജയിയെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ പിന്നെ സകലരും തിരയുന്ന ചോദ്യം ഇതുതന്നെ. ക്രിസ്റ്റ്യാനൊ  റയല്‍ മാഡ്രിഡിലെ സഹതാരമായ ഗരെത് ബെയ്‌ലിനാണ് തന്റെ വോട്ട് നല്‍കിയത്. മെസ്സിയാവട്ടെ ബാഴ്‌സയിലെ സഹതാരമായ ലൂയിസ് സുവരാസിനും വോട്ട് ചെയ്തു. ലൂക്കാ മോഡ്രിച്ചിനെ രണ്ടാമതും സെര്‍ജിയോ റാമോസിനെ മൂന്നാമതുമായി ക്രിസ്റ്റ്യാനോ തിരഞ്ഞെടുത്തു. സുവാരസിന് അഞ്ച് പോയിന്റും നെയ്മറിന് മൂന്നു പോയിന്റും സെര്‍ജിയോ റാമോസിന് ഒരു പോയിന്റും മെസ്സി നല്‍കി.

ഇന്ത്യന്‍ ക്യാപ്റ്റനായ സുനില്‍ ഛേത്രി തന്റെ വോട്ട് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കാണ് നല്‍കിയത്. ലയണല്‍ മെസ്സിയ്ക്ക് രണ്ടാം വോട്ടും അന്റോണിയോ ഗ്രീസ്മാന് മൂന്നാം വോട്ടും നല്‍കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി മെസ്സിക്ക് വോട്ട് നല്‍കിയില്ല. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ലൂയി സുവാരസ്, ജാമി വാര്‍ഡി എന്നിവര്‍ക്കായിരുന്നു റൂണിയുടെ വോട്ടുകൾ.

ജര്‍മന്‍ ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയര്‍ സഹതാരങ്ങളായ ടോണി ക്രൂസിനെയും മെസ്യൂട് ഓസിലിനെയും ലെവന്‍ഡോസ്‌കിയെയും തിരഞ്ഞെടുത്തു. ബ്രസീല്‍ ക്യാപ്റ്റന്‍ ഡാനി ആല്‍വെസിന്റെ വോട്ട് ലയണല്‍ മെസ്സിക്കായിരുന്നു.  നെയ്മറിന് രണ്ടാം വോട്ടും ലൂയിസ് സുവാരസിന് മൂന്നും വോട്ടും ഡാനി ആല്‍വെസ് നല്‍കിയപ്പോള്‍ ക്രിസ്റ്റ്യാനോയെ പൂർണമായി തഴഞ്ഞു. ഇറ്റലിയുടെ ക്യാപ്റ്റന്‍ ജിയാന്‍ ലൂയി ബഫണ്‍ മെസ്സിയെ തിരഞ്ഞെടുത്തപ്പോള്‍ ഉറുഗ്വായുടെ ഡീഗോ ഗോഡിന് സുവാരസിനാണ് വോട്ട് നല്‍കിയത്. സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ക്രിസ്റ്റ്യാനോയെ പിന്തുണച്ചു. സഹതാരാം ആന്ദ്രെ ഇനിയേസ്റ്റക്ക് മൂന്നാം വോട്ടും മെസ്സിക്ക് രണ്ടാം വോട്ടും നല്‍കി.