ദോഹ: ഇന്ത്യൻ ഫുട്ബോൾ എന്നാൽ ഇപ്പോൾ സുനിൽ ഛേത്രിയാണ്. ദോഹയിൽ നടന്ന ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ടിലും അതുതന്നെയാണ് നമ്മൾ കണ്ടത്. ഇരട്ട ഗോളുമായി ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റുന്ന ഛേത്രി. അങ്ങനെയുള്ള ഛേത്രി വിരമിച്ചാൽ ഇന്ത്യൻ ടീം എന്തുചെയ്യും? പലരും പലതവണ ചോദിച്ച ചോദ്യമാണിത്. ഇപ്പോൾ ഇന്ത്യയുടെ പരിശീലകൻ ഇഗോർ സ്റ്റിമാച്ചും ആ ചോദ്യം ആവർത്തിച്ചിരിക്കുന്നു.

'ഛേത്രി എന്നാണ് വിരമിക്കുക എന്ന് കഴിഞ്ഞ വർഷം ഒരുപാട് ആരാധകർ ചോദിച്ചിരുന്നു. ഛേത്രി വിരമിച്ചാൽ ഇന്ത്യൻ ഫുട്ബോൾ എന്തുചെയ്യും? ഇപ്പോഴും എല്ലാ പരിശീലന സെഷനുകളിലും നമ്മുടെ മികച്ച താരം ഛേത്രി തന്നെയാണ്.'-സ്റ്റിമാച്ച് ചൂണ്ടിക്കാട്ടി.

മുപ്പത്തിയാറാം വയസ്സിലും ഛേത്രി ഇന്ത്യയുടെ രക്ഷകനാകുമ്പോൾ അതിനുശേഷം എന്ന ആശങ്കയാണ് സ്റ്റിമാച്ചിന്റെ ചോദ്യത്തിന് പിന്നിലും. ബംഗ്ലാദേശിനെതിരേ 79-ാം മിനിറ്റിലും 92-ാം മിനിറ്റിലുമായിരുന്നു ഛേത്രിയുടെ ഗോളുകൾ. ഇതോടെ ഛേത്രി ഇന്ത്യക്കായി 74 ഗോളുകൾ എന്ന റെക്കോഡ് നേട്ടത്തിലെത്തി. ഇപ്പോഴും ഫുട്ബോളിൽ സജീവമായിട്ടുള്ള താരങ്ങളിൽ ദേശീയ ടീമിന് വേണ്ടി ഛേത്രിയേക്കാൾ കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് പോർച്ചിഗീസ് താരം ക്രിസ്റ്റിയാനൊ റൊണാൾഡോ മാത്രമാണ്. 103 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ സമ്പാദ്യം. അതേസമയം അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി (72)യെ ഛേത്രി പിന്നിലാക്കി.

രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഛേത്രി 11-ാം സ്ഥാനത്തെത്തി. മൂന്നു വ്യത്യസ്ത പതിറ്റാണ്ടുകളിൽ ഗോൾ നേടുന്ന ഒരേയൊരു ഇന്ത്യൻ താരവും ഛേത്രി തന്നെ. 2007-ൽ കംബോഡിയക്കെതിരേ ആയിരുന്നു ഇന്ത്യൻ ജഴ്സിയിൽ ഛേത്രിയുടെ ആദ്യ ഗോൾ. 2010-ൽ വിയറ്റ്നാമെതിരേയും ഛേത്രി ഗോൾ നേടി. ഇപ്പോൾ 2021-ൽ ബംഗ്ലാദേശിനെതിരേയും ആ ബൂട്ടുകൾ ചലിച്ചു.

Content Highlights: What are we going to do when Sunil Chhetri retires