ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ എവര്‍ട്ടണിന് തോല്‍വി. വെസ്റ്റ് ഹാം യുണൈറ്റഡാണ് എവര്‍ട്ടണെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റ് ഹാമിന്റെ വിജയം.

എവര്‍ട്ടന്റെ ഹോം ഗ്രൗണ്ടായ ഗൂഡിസണ്‍ പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ 74-ാം മിനിട്ടിലാണ് വെസ്റ്റ് ഹാം വിജയഗോള്‍ നേടിയത്. പ്രതിരോധതാരമായ എയ്ഞ്ജലോ ഒഗ്‌ബൊന്നയാണ് ഗോള്‍ സ്‌കോറര്‍. 

ബോവെന്‍ എടുത്ത കോര്‍ണര്‍ കിക്കിന് കൃത്യമായി തലവെച്ചാണ് ഒഗ്‌ബൊന്ന ഗോള്‍ നേടിയത്. പിക്ക്‌ഫോര്‍ഡും കീനും ടൗണ്‍സെന്റും ഇവോബിയുമെല്ലാം കളിച്ചിട്ടും എവര്‍ട്ടണ് വിജയം നേടാനായില്ല.

ഈ വിജയത്തോടെ വെസ്റ്റ്ഹാം എവര്‍ട്ടണെ മറികടന്ന് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ നിന്ന് 14 പോയന്റാണ് ടീമിനുള്ളത്. എവര്‍ട്ടണ്‍ ഏഴാമതാണ്. എവര്‍ട്ടണിനും 14 പോയന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ മികവിലാണ് വെസ്റ്റ് ഹാം മുന്നില്‍ കയറിയത്. നിലവില്‍ ചെല്‍സിയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ലിവര്‍പൂള്‍, മാഞ്ചെസ്റ്റര്‍ സിറ്റി, ബ്രൈട്ടണ്‍ എന്നീ ടീമുകള്‍ രണ്ട് മൂന്ന് നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Content Highlights: West Ham United beat Everton in English Premier League 2021-22