ലണ്ടന്‍: ഒടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയ്ക്ക് തോല്‍വി. താരതമ്യേന ദുര്‍ബലരായ വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണാണ് ചെല്‍സിയെ അട്ടിമറിച്ചത്. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ടീമിന്റെ തോല്‍വി.

ഇതോടെ തോമസ് തുച്ചലിന് കീഴിലുള്ള ചെല്‍സിയുടെ അപരാജിത കുതിപ്പിന് വിരാമമായി. പുതിയ പരിശീലകനായി ചുമതലയേറ്റ തുച്ചലിന്റെ കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചെല്‍സി കാഴ്ചവെച്ചത്. കഴിഞ്ഞ 14 മത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിരുന്നില്ല. എന്നാല്‍ ഈ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ടീമിന്റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

29-ാം മിനിട്ടില്‍ ചെല്‍സിയുടെ വിശ്വസ്തനായ പ്രതിരോധതാരം തിയാഗോ സില്‍വ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ചെല്‍സി 10 പേരായി ചുരുങ്ങി. 27-ാം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിലൂടെ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്.  എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഇരട്ട ഗോളുകള്‍ നേടിക്കൊണ്ട് മാത്യൂസ് പെരേര വെസ്റ്റ് ബ്രോമിന് 2-1 ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയില്‍ വെസ്റ്റ് ബ്രോം തന്നെയാണ് കളിച്ചത്. 63-ാം മിനിട്ടില്‍ കലും റോബിന്‍സണ്‍ ടീമിനായി മൂന്നാം ഗോള്‍ നേടി. എംബായേ ഡിയാഗ്നേ 68-ാം മിനിട്ടില്‍ ഗോള്‍ നേടിയതോടെ വെസ്റ്റ് ബ്രോം 4-1 എന്ന സ്‌കോറിന് മുന്നിലെത്തി. 71-ാം മിനിട്ടില്‍ മേസണ്‍ മൗണ്ടിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ചെല്‍സിയ്ക്ക് വിജയിക്കാന്‍ അത് മതിയായിരുന്നില്ല. ഒടുവില്‍ മത്സരമവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ കാലും റോബിന്‍സണ്‍ രണ്ടാം ഗോള്‍ നേടി ടീമിന് 5-2 ന്റെ വിജയം സമ്മാനിച്ചു.

ഈ തോല്‍വിയോടെ ചെല്‍സി പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുന്നു. വെസ്റ്റ് ബ്രോം 19-ാം സ്ഥാനത്തും തുടരുന്നു.

Content Highlights: West Brom stun 10-man Chelsea at Stamford Bridge, end Thomas Tuchel's unbeaten run