''ഈ ഫ്രഞ്ചുകാരന് ഫുട്ബോളിനെക്കുറിച്ച് എന്തറിയാം... എപ്പോഴും കൂളിങ് ഗ്ലാസ് വയ്ക്കുന്ന അയാളെ കാണുമ്പോള്‍ സ്‌കൂള്‍ ടീച്ചറെയാണ് ഓര്‍മവരിക. അയാള്‍ ഒരിക്കലും നമ്മുടെ മുന്‍പരിശീലകന്‍ ജോര്‍ജിനോളം വരില്ല. അയാള്‍ക്ക് മര്യാദയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍പോലുമറിയുമോ?'' 1996-ല്‍ ആഴ്സന്‍ വെങ്ങര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടീം ആഴ്സനലിന്റെ പരിശീലകനായി ചുമതലയേല്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ ടോണി ആഡംസിനു തോന്നിയ സംശയമാണിത്.

ആഴ്സനലിന്റെ ചരിത്രം അങ്ങനെയാണ്. ഇംഗ്ലീഷുകാരും സ്‌കോട്ട്ലന്‍ഡുകാരും മാത്രം പരിശീലിപ്പിച്ച ടീം. അവിടെ ഫ്രഞ്ചുകാരന് അതിജീവിക്കാന്‍ പറ്റുമോ? പ്രത്യേകിച്ചും ടീം അതിന്റെ മോശം ഫോമില്‍ തുടരുമ്പോള്‍. ജോര്‍ജ് ഗ്രഹാം പരിശീലകസ്ഥാനം ഒഴിഞ്ഞശേഷം രണ്ടു താത്കാലികക്കാരും ഒരു സ്ഥിരം പരിശീലകനും വന്നു. ആരും അധികം മുന്നോട്ടുപോയില്ല, ആഡംസിനുണ്ടായ സംശയങ്ങള്‍ മറ്റുപലര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, ആ ഫ്രഞ്ചുകാരന്‍ അതിനൊന്നും ചെവികൊടുത്തില്ല. അയാള്‍ പീരങ്കിപ്പടയ്ക്കൊപ്പം ചേര്‍ന്നു. അതിന്റെ സര്‍വസൈന്യാധിപനായി ചുമതലയുമേറ്റെടുത്തു. കുറച്ചുകാലമല്ല. നീണ്ട 21 വര്‍ഷം. 

ഫ്രഞ്ചുകാരന്‍ 'സ്‌കൂള്‍ ടീച്ചര്‍ക്ക്' പുതിയ പേരുവീണു. 'പ്രൊഫസര്‍'! ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ വന്നു, എഫ്.എ. കപ്പിലും, ലീഗ് കപ്പിലും അയാളുടെ ടീം വെന്നിക്കൊടിപാറിച്ചു. ഞായാറാഴ്ച അയാളെത്തേടി മറ്റൊരു റെക്കോഡുമെത്തി. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഒരു ടീമിനെ പരിശീലിപ്പിച്ചതിന്റെ റെക്കോഡ്. മറികടന്നതാകട്ടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ അലക്സ് ഫെര്‍ഗ്യൂസനെ. 810 മത്സരങ്ങളില്‍ പരിശീലകനായാണ് സ്‌കോട്ട്ലന്‍ഡുകാരനായ ഫെര്‍ഗി റെക്കോഡ് സ്ഥാപിച്ചത്. വെള്ളിയാഴ്ച ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ റെക്കോഡിനൊപ്പമെത്തിയ വെങ്ങര്‍ ഞായാറാഴ്ച രാത്രി വെസ്റ്റ് ബ്രോംവിച്ചിനെതിരായ മത്സരത്തിലൂടെ ആ നേട്ടം ഒറ്റയ്ക്ക് കൈപ്പിടിയിലൊതുക്കിയിരിക്കുന്നു.

Wenger
വര: ദ്വിജിത്ത്‌

''ഇനിയാര്‍ക്കും തകര്‍ക്കാന്‍പറ്റാത്ത റെക്കോഡെ''ന്നാണ് വെങ്ങറെ അഭിനന്ദിച്ച് ഫെര്‍ഗൂസന്‍ പറഞ്ഞത്.

ലോകഫുട്ബോളില്‍ പരിശീലകന്റെ കുപ്പായത്തില്‍ ഒരു സീസണ്‍പോലും പൂര്‍ത്തിയാക്കാന്‍പറ്റാത്ത കാലത്താണ് 21 വര്‍ഷം ആഴ്സലിനൊപ്പംനിന്ന് വെങ്ങര്‍ 811 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ പരിശീലകന്റെ റോള്‍ വഹിച്ചത്. ഈ കാലയളവില്‍ മൂന്ന് പ്രീമിയര്‍ ലീഗ്, ഏഴ് എഫ്.എ. കപ്പ്, ഏഴ് കമ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങള്‍ അദ്ദേഹം ആഴ്സനലിലെത്തിച്ചു. മൂന്നുവട്ടം പ്രീമിയര്‍ ലീഗിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. 

2003-04 സീസണിലാണ് അപരാജിത കുതിപ്പിലൂടെ അവസാനമായി അദ്ദേഹം ആഴ്സനലിന് ലീഗ് കിരീടം സമ്മാനിച്ചത്. മറ്റൊരു ലീഗ് കിരീടത്തിനുള്ള കാത്തിരിപ്പ് 14 വര്‍ഷമായി തുടരുന്നു. പ്രീമിയര്‍ ലീഗില്‍ ഇനിയുള്ള ഓരോ മത്സരവും വെങ്ങറുടെ റെക്കോഡിന്റെ മിഴിവുകൂട്ടും. എങ്കിലും ഇനിയും എത്ര കാലം സര്‍വസൈന്യാധിപനായി തുടരാനാവുമെന്ന ചോദ്യം ബാക്കിയാവുന്നു. 20 വര്‍ഷത്തിനുശേഷം ആദ്യമായി ടീം ചാമ്പ്യന്‍സ് ലീഗിന് യോഗ്യതനേടാതെപോയതും വെങ്ങറിന് സമ്മര്‍ദമേറ്റുന്നു. ഇതൊക്കെയാണെങ്കിലും വെങ്ങര്‍ സ്ഥാപിച്ച റെക്കോഡ് മായാന്‍ കാലമേറെയെടുക്കും. 

Content Highlights: WENGER SETS PREMIER LEAGUE RECORD FOR MOST GAMES MANAGED