ലണ്ടന്‍: ഇഞ്ച്വറി ടൈമില്‍ വെയ്ന്‍ റൂണി നേടിയ പെനാല്‍റ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിലെ മൂന്നാം ഡിവിഷന്‍ ടീമായ ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയ ഈ ഇഞ്ച്വറി ടൈം പെനാല്‍റ്റി ഗോളില്‍ മറികടന്നാണ് പ്രീമിയര്‍ലീഗിലെ അഞ്ചാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ. കപ്പിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചത്.

ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയില്‍ പകരക്കാരന്‍ മെഫിസ് ഡെപേയെ ഡീന്‍ ഹാമണ്ട് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് റൂണി ഗോള്‍ പോസ്റ്റിന്റെ ഇടതു മൂലയിലേയ്ക്ക് പായിച്ച് വിജയം സമ്മാനിച്ചത്. അറുപതാം മിനിറ്റിലാണ് റയാന്‍ ഫഌന്നിന്റെ പകരക്കാരനായി ഡെപെ ഇറങ്ങിയത്. താരതമ്യേന ദുര്‍ബലരായ എതിരാളികളായിട്ടും തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് പ്രീമിയര്‍ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുത്തത്. പ്രതിരോധത്തിലൂന്നി കളിച്ച ഷെഫീല്‍ഡിനെ ഒരിക്കല്‍പ്പോലും സമ്മര്‍ദത്തിലാക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞില്ല. അത്രയും മൂര്‍ച്ച കുറവായിരുന്നു അവരുടെ ആക്രമണത്തിന്.