ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ദേശീയ ജേഴ്സിയില്‍ അവസാന മത്സരവും കളിച്ച് വെയ്ന്‍ റൂണി വിടവാങ്ങി. വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അമേരിക്കയെ തോല്‍പ്പിച്ചു. യുവനിരയുടെ വന്‍വിജയത്തിനുശേഷം റൂണി പറഞ്ഞു: ''ഈ കളിയില്‍നിന്ന് ഒരു കാര്യം എനിക്കുറപ്പായി, ഇംഗ്ലണ്ടിന്റെ ഭാവി ഭദ്രമാണ്.''

റൂണിയുടെ 120-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിന് കളിക്കുമുമ്പേ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. രണ്ടു വര്‍ഷത്തിനുശേഷമാണ് റൂണി ദേശീയ ടീമില്‍ കളിക്കുന്നത്. വിടവാങ്ങല്‍ മത്സരം ഒരുക്കിയതിന് റൂണി ഹൃദയപൂര്‍വം നന്ദിപറഞ്ഞു.

വലിയ മത്സരപരിചയമില്ലാത്ത യുവനിരയെയാണ് കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റ് ഇറക്കിയത്. ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിന് വന്‍താരങ്ങളെ അദ്ദേഹം കരുതിവെച്ചു. പക്ഷേ, യുവനിര പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം പുറത്തെടുത്തു. ജെസി ലിന്‍ഗാര്‍ഡ്, ട്രെന്റ് അലക്സാണ്ടര്‍, അരങ്ങേറ്റക്കാരന്‍ കാലം വില്‍സണ്‍ എന്നിവര്‍ ഗോളുകള്‍ നേടി.

രണ്ടാം പകുതിയിലാണ് റൂണി ഇറങ്ങിയത്. ക്യാപ്റ്റന്റെ ആംബാന്‍ഡ് റൂണി ഒരിക്കല്‍ക്കൂടി കെട്ടി. മത്സരം തീരുമ്പോള്‍ വെബ്ലി ഒന്നടങ്കം പ്രിയതാരത്തിന് ഹര്‍ഷാരവങ്ങളോടെ വിടനല്‍കി. റൂണിക്കൊപ്പം ക്യാപ്റ്റന്‍ ഹാരി കെയ്‌നും ആദ്യ പകുതിയില്‍ ബെഞ്ചിലിരുന്നു. ടീം രണ്ടു ഗോള്‍ ലീഡ് നേടിയ ശേഷമാണ് ഇരുവരും ഇറങ്ങിയത്.

Content Highlights: wayne rooney says farewell as england beat united states