ലണ്ടന്‍: ഇംഗ്ലണ്ടിന്റെയും എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ വെയ്ന്‍ റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിലിടം നേടിയിട്ടും ആ അവസരം വേണ്ടെന്ന് വെച്ചതിന് പിന്നാലെയാണ് റൂണി ബൂട്ടഴിക്കുന്നതായി പ്രഖ്യാപിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബ് എവര്‍ട്ടന്റെ സ്‌ട്രൈക്കറും 31കാരനുമായ റൂണിയെ മാള്‍ട്ട, സ്ലൊവാകിയ എന്നീ രാജ്യങ്ങള്‍ക്കെതിരെയുള്ള മത്സരത്തില്‍ പരിശീലകന്‍ ഗരെത് സൗത്‌ഗെയ്റ്റ് ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ അത് നിരസിച്ച റൂണി ഇതാണ് വിരമിക്കാനുള്ള ശരിയായ സമയമെന്ന് വ്യക്തമാക്കി. ഇംഗ്ലണ്ടിനായി 119 മത്സരങ്ങളില്‍ നിന്ന് റൂണി 53 ഗോളുകള്‍ നേടിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍  റൂണി 200-ാം ഗോള്‍ പിന്നിട്ടിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ എവര്‍ട്ടണിന് സമനില ഗോള്‍ സമ്മാനിച്ചാണ് റൂണി ഗോളില്‍ ഇരട്ടശതകം പൂര്‍ത്തിയാക്കിയത്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 183 ഗോളും എവര്‍ട്ടണിനായി 17 ഗോളും റൂണി നേടി. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും റൂണി സ്വന്തമാക്കി. 260 ഗോളുകളുള്ള അലന്‍ ഷിയര്‍ മാത്രമാണ് റൂണിക്ക് മുന്നിലുള്ളത്. ഇ.പി.എല്‍ ഈ സീസണില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ എവര്‍ട്ടന്റെ വിജയഗോളും റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു.

wayne rooney

കഴിഞ്ഞ മെയില്‍ സ്‌കോട്ട്ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനും ഫ്രാന്‍സിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനും പ്രഖ്യാപിച്ച ടീമില്‍ നിന്ന്‌ സൗത്ത്ഗെയ്റ്റ് റൂണിയെ ഒഴിവാക്കിയിരുന്നു. മറ്റു താരങ്ങള്‍ മികച്ച ഫോമിലാണെന്നും അതുകൊണ്ട് ക്യാപ്റ്റനായ റൂണിയുടെ ആവശ്യം ഇപ്പോള്‍ ഇംഗ്ലണ്ടിനില്ലെന്നുമായിരുന്നു അന്നു സൗത്ത്‌ഗെയ്റ്റിന്റെ നിലപാട്. നേരത്തെ 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് ശേഷം ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്നായിരുന്നു റൂണി പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പിന് കാത്തുനില്‍ക്കാതെ പടിയിറങ്ങിയിരിക്കുകയാണ് ഈ ഇംഗ്ലീഷ്‌ സ്‌ട്രൈക്കര്‍.

2002ല്‍ തന്റെ 16-ാം വയസ്സില്‍ ഗുഡിസണ്‍ പാര്‍ക്കിലായിരുന്നു റൂണിയുടെ പ്രൊഫഷണല്‍ അരങ്ങേറ്റം. 14 വര്‍ഷത്തെ കരിയറില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡിനൊപ്പം രാജ്യത്തിനായി ഏറ്റവും കൂടുതല്‍ തവണ ബൂട്ടുകെട്ടിയ രണ്ടാമത്തെ താരമെന്ന ബഹുമതിയോടും കൂടിയാണ് റൂണി പടിയിറങ്ങുന്നത്. ഇംഗ്ലണ്ടിനായി 125 മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടനാണ് ഇക്കാര്യത്തില്‍ റൂണിക്ക് മുന്നിലുള്ളത്. 

റൂണിയുടെ വിരമിക്കല്‍ കുറിപ്പ്

ഇംഗ്ലണ്ട് ടീമിലേക്ക് എന്നെ തിരിച്ചു വിളിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഞാന്‍ അതിനെ അഭിനന്ദിക്കുന്നു. ഇത് വളരെ കടുപ്പമേറിയ ഒരു തീരുമാനമായിരുന്നു. എന്റെ കുടുംബത്തോടും എവര്‍ട്ടണിലെ എന്റെ പരിശീലകനോടും ആലോചിച്ച ശേഷമാണ് വിരമിക്കല്‍ തീരുമാനമെടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി കളിക്കു എന്നത് എപ്പോഴും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഒരു കളിക്കാരെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും എന്നെ തിരഞ്ഞെടുക്കുമ്പോള്‍ അത് ഞാന്‍ അഭിമാനമായി കണ്ടു. എന്നെ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് എവര്‍ട്ടണിലെത്തിയപ്പോഴും ഇതുപോലെ കടുപ്പമേറിയ ഒരു തീരുമാനമായിരുന്നു. എന്നാല്‍ അത് ഒരു നല്ല തീരുമാനമായിരുന്നു. ഇനി ഞാന്‍ എവര്‍ട്ടന് വേണ്ടിയുള്ള കളിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ വിരമിച്ചെങ്കിലും ഞാന്‍ എപ്പോഴും ഇംഗ്ലണ്ടിന്റെ കടുത്ത ആരാധകനായിരിക്കും. 

ഇംഗ്ലണ്ടിനൊപ്പം ഒരു ലോകകപ്പ് വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന സങ്കടം എനിക്ക് ബാക്കിയുണ്ട്. സൗത്‌ഗെയ്റ്റിന് 2018ല്‍ അത് സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു ദിവസം ലോകപ്പെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. അപ്പോള്‍ ആ വിജയനിമിഷം ഒരു ഇംഗ്ലീഷ് ആരാധകനെന്ന നിലയില്‍ ഞാന്‍ ആസ്വദിക്കും.