ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം വെയ്ന്‍ റൂണി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇനി പരിശീലകന്റെ റോളില്‍ താരം ഫുട്‌ബോള്‍ രംഗത്ത് സജീവമാകും. നിലവില്‍ ഡെര്‍ബി കൗണ്ടി ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാണ് താരം. രണ്ടരവര്‍ഷത്തേക്കാണ് റൂണി ടീമിന്റെ പരിശീലകനാകുക.

ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമാണ് റൂണി. 53 ഗോളുകളാണ് താരത്തിന്റെ ബൂട്ടില്‍ നിന്നും പിറന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരം കൂടിയാണ് റൂണി.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോഡ് റൂണിയുടെ കൈയ്യില്‍ ഭദ്രമാണ്. 253 ഗോളുകളാണ് താരം ചുവന്ന ചെകുത്താന്മാര്‍ക്കായി നേടിയത്. ഇതോടൊപ്പം അഞ്ചുതവണ പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ് ലോകകപ്പുമെല്ലാം നേടാനുമായി. 

എവര്‍ട്ടണിലാണ് റൂണി ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. അദ്ഭുതബാലന്‍ എന്ന പേരില്‍ അന്ന് പ്രശസ്തനായ താരത്തെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ടീമിലെത്തിച്ചു. ഇതോടെ റൂണിയുടെ തലവര തെളിഞ്ഞു. നിരവധി മത്സരങ്ങളില്‍ ടീമിനെ നയിക്കാനും താരത്തിന് ഭാഗ്യം ലഭിച്ചു. ഒടുവില്‍ മാഞ്ചെസ്റ്ററില്‍ നിന്നും താരം പഴയ ക്ലബ്ബായ എവര്‍ട്ടണിലേക്കും അവിടെ നിന്ന് ഡെര്‍ബിയിലേക്കുമെല്ലാം ചേക്കേറി. 

Content Highlights: Wayne Rooney officially retires from professional football after becoming full-time Derby manager