ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വാറ്റ്‌ഫോര്‍ഡ് എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം ഒഡിഷ എഫ്.സിയുമായി കൈകോര്‍ക്കുന്നു. ഒഡിഷയുമായി മൂന്നു വര്‍ഷത്തെ അന്താരാഷ്ട്ര ക്ലബ് കരാറിലാണ് വാറ്റ്‌ഫോര്‍ഡ് ഒപ്പുവെയ്ക്കുന്നത്. 

വാറ്റ്‌ഫോര്‍ഡിന്റെ സഹായം ലഭിക്കുന്നതോടെ ഒഡിഷ എഫ്.സിയ്ക്ക് പുതിയ മാറ്റങ്ങള്‍ കൈവരും. പുതിയ കളിക്കാരും പരിശീലകരും സൗകര്യങ്ങളുമെല്ലാം ഒഡിഷ എഫ്.സിയെ തേടിവരും. 

ഒഡിഷയുടെ യുവതാരങ്ങള്‍ക്ക് വാറ്റ്‌ഫോര്‍ഡ് കളിക്കാര്‍ക്കൊപ്പം പരിശീലിക്കാനും മത്സരിക്കാനുമുള്ള അവസരം ലഭിക്കുമെന്നതാണ് ഈ കരാറിന്റെ പ്രധാന ആകര്‍ഷണം. ഇതുവഴി ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ കൈവരും. അതുപോലെ ഒഡിഷ എഫ്.സിയുടെ വനിതാ ഫുട്‌ബോള്‍ ടീമിനും മികച്ച അവസരങ്ങള്‍ ലഭിക്കും. 

ഐ.എസ്.എല്‍ തുടങ്ങുന്നതിനുമുന്‍പായി ഒഡിഷ എഫ്.സി താരങ്ങള്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് ഒഡിഷ എഫ്.സി ക്ലബ് പ്രസിഡന്റ് രാജ് അത്വാള്‍ അറിയിച്ചു.. അവിടെ വാറ്റ്‌ഫോര്‍ഡിന്റെ നേതൃത്വത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കും. 

Content Highlights: Watford, Odisha FC sign international club partnership