ലിസ്ബണ്‍: ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗിലെ ബയേണ്‍ മ്യൂണിക്ക് - ബാഴ്‌സലോണ ക്വാര്‍ട്ടര്‍ പോരാട്ടം ഫുട്‌ബോള്‍ ലോകം അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധ്യതയില്ല.

ബയേണിന്റെ കടന്നാക്രമണത്തില്‍ വിറച്ചുപോയ ബാഴ്‌സ രണ്ടിനെതിരേ എട്ടു ഗോളുകളുടെ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്. ഇപ്പോഴിതാ അന്നത്തെ മത്സരത്തിനു ശേഷം ജേഴ്‌സി കൈമാറാന്‍ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സി തയ്യാറായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബയേണ്‍ ലെഫ്റ്റ് ബാക്ക് അല്‍ഫോണ്‍സോ ഡേവിസ്. 

''ഞാനത് (ജേഴ്‌സി) ചോദിച്ചു, പക്ഷേ അദ്ദേഹം അസ്വസ്ഥനായിരുന്നു. സാരമില്ല അടുത്തവട്ടം നോക്കാം.'' - ഡേവിസ് പറഞ്ഞു.

ലിസ്ബണിലെ ഈ കനത്ത തോല്‍വിക്കു പിന്നാലെ ബാഴ്‌സ പരിശീലകന്‍ ക്വിക്കെ സെറ്റിയനെയും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലിനെയും പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ സീനിയര്‍ താരങ്ങളെ ഒഴിവാക്കാനും പുതിയ കളിക്കാരെ കൊണ്ടുവരാനും ക്ലബ്ബ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ബാഴ്‌സലോണയുടെ മുന്‍ താരമായിരുന്ന റൊണാള്‍ഡ് കോമാന്‍ പുതിയ പരിശീലകനായി ബുധനാഴ്ച നിയമിതനായി. ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു കോമാന്‍. 2022 ജൂണ്‍ വരെയാണ് കരാര്‍. ടെക്‌നിക്കല്‍ സെക്രട്ടറിയായി റാമോണ്‍ പ്ലെയ്ന്‍സിനെ നിയമിച്ചിട്ടുണ്ട്. കോമാന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള ട്രാന്‍സ്ഫര്‍ നയമാണ് ക്ലബ്ബ് പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തോമ്യു രൂപപ്പെടുത്തുന്നത്.

ഇതിഹാസ താരം മെസ്സി ക്ലബ്ബ് വിടുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താനുള്ള ശ്രമവും ബര്‍ത്തോമ്യു ആരംഭിച്ചു. സീനിയര്‍ താരങ്ങളായ ജെറാര്‍ഡ് പീക്വെ, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്സ് എന്നിവരെ ഒഴിവാക്കുമെന്നാണ് സൂചന. അന്റോയിന്‍ ഗ്രീസ്മാന്‍, സാമുവല്‍ ഉംറ്റിറ്റി, ഫ്രാങ്ക് ഡി യോങ്, ക്ലെമന്റ് ലാങ്ലെറ്റ്, ആന്ദ്രെ ടെര്‍സ്റ്റീഗന്‍, അന്‍സു ഫാത്തി, നെല്‍സണ്‍ സെമഡോ, ഒസ്മാനെ ഡെംബലെ, ലയണല്‍ മെസ്സി എന്നിവരെ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: wanted Messi shirt but he was a little bit upset Bayern star Davies