കാര്‍ഡിഫ്: യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ ഫുട്‌ബോളില്‍ കരുത്തരായ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് വെയ്ല്‍സ്. ഒന്നാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് വഴങ്ങിയ വെയ്ല്‍സ് അതേ പകുതിയുടെ ഇഞ്ചുറി ടൈമില്‍ തന്നെയാണ് സൂപ്പര്‍താരം ഗരത് ബെയ്‌ലിന്റെ ഗോളില്‍ സമനില ഗോള്‍ നേടിയത്.

ഒന്‍പതാം മിനിറ്റില്‍ നിക്കോള വ്ളാസിച്ചിന്റെ ഗോളിലാണ് ക്രൊയേഷ്യ ലീഡ് നേടിയത് ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ബെയ്ല്‍ ഉജ്വലമായൊരു ഗോളിലൂടെയാണ് സമനില നേടിക്കൊടുത്തത്. ഇതോടെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന തുടര്‍ച്ചയായ പത്ത് യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വെയ്ല്‍സ്.

സമനില വഴങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പ് ഇയില്‍ ക്രൊയേഷ്യ തന്നെയാണ് മുന്നില്‍. ഏഴ് കളികളില്‍ നിന്ന് പതിനാല് പോയിന്റാണ് അവര്‍ക്കുള്ളത്. പന്ത്രണ്ട് പോയിന്റുള്ള ഹംഗറിയാണ് രണ്ടാമത്. എട്ട് പോയിന്റുള്ള വെയ്ല്‍സ് നാലാമതാണ്.

മറ്റു മത്സരങ്ങളില്‍ റഷ്യ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് സൈപ്രസിനെയും ജര്‍മനി ഏകപക്ഷീയമായ മൂന്ന് ഗോളിന് എസ്‌തോണിയയെയും ബെല്‍ജിയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കസാക്കിസ്താനെയും ഹംഗറി ഏകപക്ഷീയമായ ഒരു ഗോളിന് അസര്‍ബൈജാനെയും സ്‌കോട്ട്‌ലന്‍ഡ് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് സാന്‍ മാരിനോയെയും തോല്‍പിച്ചു.

ഗ്രൂപ്പ് സിയില്‍ ജര്‍മനി ആറു കളികളില്‍ നിന്ന് പതിനഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. റഷ്യ ഗ്രൂപ്പ് ഐയില്‍ എട്ട് കളികളില്‍ നിന്ന് ഇരുപത്തിയൊന്ന് പോയിന്റുമായി രണ്ടാമതുമാണ്. എട്ട് കളികളില്‍ നിന്ന് ഇരുപത്തിനാലു പോയിന്റുള്ള ബെല്‍ജിയമാണ് ഗ്രൂപ്പില്‍ ഒന്നാമത്.

Content Highlights: Wales Holds Croatia In Uefa European Championship Qualifying Gareth Bale