നെയ്‌വേലി: ഒരുപാട് പന്തോട്ടങ്ങള്‍ കണ്ട നെയ്വേലിയുടെ മണ്ണിലേക്ക് തിരികെയെത്തുമ്പോള്‍ വി.പി. ഷാജിയുടെ മനസ്സ് നിറയെ പഴയൊരു കിരീടവിജയത്തിന്റെ ഓര്‍മയാണ്. ഈ മൈതാനത്ത് കളിച്ച് അവസാനം കയറിപ്പോകുമ്പോള്‍ കൈയിലുണ്ടായിരുന്ന കപ്പും ഹൃദയം നിറച്ചിരുന്ന വിജയഗോളും കാല്‍നൂറ്റാണ്ടിനു ശേഷവും ഷാജിയുടെ ഓര്‍മയിലേക്ക് ഇരമ്പിയെത്തുന്നു. സന്തോഷ് ട്രോഫി നിലനിര്‍ത്താനൊരുങ്ങുന്ന കേരള ടീം പരിശീലകന് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നു ഈ ഭാഗ്യമൈതാനം.

1993-ല്‍ എന്‍.എല്‍.സി. കപ്പ് ജയിച്ച ഫാക്ട് ടീമില്‍ അംഗമായിരുന്നു വി.പി ഷാജി. അന്ന് ഫൈനലില്‍ ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിംസിനെ ഷാജിയുടെ ഏകഗോളിലാണ് മറികടന്നത്. രണ്ടാം ദിവസത്തിലേക്ക് നീണ്ട ഫൈനലായിരുന്നു അത്.

ആദ്യ ദിവസത്തെ ഫൈനലില്‍ ഷാജിയുടെ ഗോളില്‍ ഫാക്ട് ലീഡ് നേടിയിരിക്കെ, വെളിച്ചക്കുറവുകാരണം കളി മാറ്റി. അന്ന് കാണികള്‍ മൈതാനം കൈയേറി സംഘര്‍ഷമുണ്ടാക്കി. തൊട്ടടുത്തദിവസം റീമാച്ചിലും ഷാജി ഗോള്‍ നേടി ടീമിനെ കിരീടത്തിലെത്തിച്ചു. വാള്‍ട്ടര്‍, റജിസണ്‍, സന്തോഷ് തുടങ്ങിയവര്‍ ടീമില്‍ കളിച്ചിരുന്നു. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിക്കൊടുത്ത ക്യാപ്റ്റന്‍ മണിയായിരുന്നു പരിശീലകവേഷത്തില്‍. അഞ്ചുവര്‍ഷം ടീമില്‍ തുടര്‍ന്ന ഷാജി പിന്നീട് എസ്.ബി.ഐ. (അന്നത്തെ എസ്.ബി.ടി) ടീമിലേക്ക് മാറി.

santosh trophy
1993-ലെ എന്‍.എല്‍.സി കപ്പ് ഫുട്‌ബോളില്‍ ജേതാക്കളായ ഫാക്ട് ടീം. നില്‍ക്കുന്നവരില്‍ ഇടത്തുനിന്ന് മൂന്നാമത് വി.പി ഷാജി

 

Content Highlights: VP Shaji Kerala Santosh Trophy Team Caoch