Photo: twitter.com/brfootball
മാഡ്രിഡ്: ലോക കായിക രംഗം എക്കാലത്തും നേരിട്ടിരുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് താരങ്ങള്‍ക്കെതിരേ നടക്കുന്ന വംശീയാധിക്ഷേപം. ഫുട്‌ബോള്‍ ലോകത്ത് ഇതിന്റെ തോത് വളരെ വലുതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ സംഭവമാണ് ഞായറാഴ്ച സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന് നേരേ ഉണ്ടായത്.
ലാ ലിഗയില്‍ വലന്‍സിയക്കെതിരായ മത്സരത്തിലാണ് വിനീഷ്യസ് വംശീയാധിക്ഷേപത്തിന് ഇരയായത്. മത്സരത്തിലുടനീളം വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തിലെ ഒരു ഭാഗത്തെ ഗാലറിയില്‍ ഇരുന്നവര്‍ താരത്തെ തുടര്‍ച്ചയായി കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.
അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകര്‍ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
എന്നാല്‍ ഇന്‍ജുറി ടൈമില്‍ വലന്‍സിയ താരം ഹ്യൂഗോ ഡ്യുറോയുമായി കയ്യാങ്കളിയിലേര്‍പ്പെട്ട വിനീഷ്യസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.
മത്സര ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി വിനീഷ്യസ് രംഗത്തെത്തി. ഇത് ആദ്യത്തെ സംഭാവമല്ലെന്നും ലാ ലിഗയില്‍ വംശീയാധിക്ഷേപം സാധാരണമാണെന്നും വിനീഷ്യസ് കുറിച്ചു.
'ഇത് ആദ്യമോ രണ്ടാമതോ മൂന്നാമതോ അല്ല, ലാ ലിഗയില്‍ വംശീയാധിക്ഷേപം സാധാരണമാണ്. ലീഗ് തന്നെ ഇത് സാധാരണമാണെന്ന് കരുതുന്നു, ഫെഡറേഷനും അതെ. എതിരാളികള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ചാമ്പ്യന്‍ഷിപ്പ് ഒരുകാലത്ത് റൊണാള്‍ഡീഞ്ഞ്യോ, റൊണാള്‍ഡോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരുടേതായിരുന്നു. ഇന്നത് വംശവെറിയന്‍മാരുടേതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന എന്നെ സ്വീകരിച്ച സുന്ദരമായ രാജ്യമാണിത്, എന്നാല്‍ ഇപ്പോള്‍ വംശവെറിയന്‍മാരുടെ രാജ്യമെന്ന പ്രതിച്ഛായയാണ് ലോകത്തിനു മുമ്പിലുള്ളത്. ഇതിനോട് വിയോജിപ്പുള്ള സ്‌പെയ്ന്‍കാരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഇന്ന് ബ്രസീലില്‍, സ്‌പെയ്ന്‍ വംശവെറിയന്‍മാരുടെ രാജ്യമായി അറിയപ്പെടുന്നു.' - ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വിനീഷ്യസ് വ്യക്തമാക്കി. വംശീയവാദികള്‍ക്കെതിരേ അവസാനം വരെ താന്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല വിനീഷ്യസ് ജൂനിയറിനേ നേരേ ലാ ലിഗ മത്സരങ്ങള്‍ക്കിടെ കാണികള്‍ മോശമായി പെരുമാറുന്നത്. ഇത്തരത്തിലുള്ള വംശവെറിയന്‍മാരെ സ്റ്റേഡിയത്തില്‍ കയറാന്‍ അനുവദിക്കരുതെന്ന് വിനീഷ്യസ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
Content Highlights: Vinicius Jr Real Madrid player racially abused during Spanish La Liga match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..