Photo: AFP
മാഡ്രിഡ്: സ്പാനിഷ് ലീഗിലെ വംശീയാധിക്ഷേപ വിഷയത്തില്‍ ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍.
തനിക്ക് നേരിട്ട വംശീയാധിക്ഷേപത്തില്‍ സോഷ്യല്‍ മീഡിയയില്‍ ലാ ലിഗയെ വിമര്‍ശിച്ച് താരം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ വിനീഷ്യസിനെതിരേ ജാവിയര്‍ ടെബാസ് പോസ്റ്റിട്ടു. ഇതോടെയാണ് പ്രസിഡന്റിനെതിരേ വിനീഷ്യസ് തന്നെ രംഗത്തെത്തിയത്.
ലാ ലിഗയിലെ വംശീയാധിക്ഷേപ സംഭവങ്ങളെ കുറിച്ച് പറയാനും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ലാ ലിഗയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് വിശദീകരിക്കാനും രണ്ട് തവണ യോഗം വിളിച്ചിരുന്നെങ്കിലും രണ്ടിലും വിനീഷ്യസ് വന്നില്ലെന്നും ലാ ലിഗയെ വിമര്‍ശിക്കുന്നതിനും അപമാനിക്കുന്നതിനും മുമ്പ് നിങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കണമെന്നുമായിരുന്നു ടെബാസിന്റെ വാക്കുകള്‍. കാര്യങ്ങള്‍ മനസ്സിലാക്കാതെ വിനീഷ്യസ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും ടെബാസ് ട്വീറ്റ് ചെയ്തു.
ഇതിന് മറുപടിയായാണ് പ്രസിഡന്റിനെതിരേ രൂക്ഷമായ ഭാഷയില്‍ വിനീഷ്യസ് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ വംശവെറിയന്‍മാരെ വിമര്‍ശിക്കുന്നതിന് പകരം തന്നെ ആക്രമിക്കാനാണ് ലാ ലിഗ പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുള്ളതെന്ന് വിനീഷ്യസ് കുറിച്ചു. കാര്യങ്ങളില്‍ നിന്നു മാറി നിന്നാല്‍ നിങ്ങള്‍ വംശവെറിക്കാരുടെ അതേ നിലവാരത്തിലാകുകയാണെന്നും വംശീയതയെ കുറിച്ച് സംസാരിക്കാന്‍ താന്‍ നിങ്ങളുടെ സുഹൃത്ത് അല്ലെന്നും തനിക്ക് വേണ്ടത് വംശീയ വാദികള്‍ക്ക് എതിരായ നടപടികളും ശിക്ഷയുമാണെന്നും വിനീഷ്യസ് കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ലാ ലിഗയില്‍ വലന്‍സിയയും റയല്‍ മാഡ്രിഡും തമ്മില്‍ വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് നേരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത്. മത്സരത്തിലുടനീളം വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തിലെ ഒരു ഭാഗത്തെ ഗാലറിയില്‍ ഇരുന്നവര്‍ താരത്തെ തുടര്‍ച്ചയായി കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.
അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകര്‍ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
Content Highlights: Vinicius Jr hits back at LaLiga president over racist abuse
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..