ഈഡന്‍: കരുത്തരായ ആഴ്‌സനല്‍, വിയ്യാറയല്‍, എ.എസ്.റോമ എന്നീ ടീമുകള്‍ യൂറോപ്പ ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആഴ്‌സനല്‍ സ്ലാവിയ പ്രാഹയെയും വിയ്യാറയല്‍ ഡൈനാമോ സാബ്‌റെബിനെയും റോമ അയാക്‌സിനെയും പരാജയപ്പെടുത്തി.

രണ്ടാം പാദ മത്സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് സ്ലാവിയ പ്രാഹയെ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടാം പാദ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗണ്ണേഴ്‌സ് പുറത്തെടുത്തത്. ടീമിനായി അലക്‌സാണ്ട്രെ ലക്കാസെറ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ നിക്കോളാസ് പെപ്പെ, ബുക്കായോ സാക എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ഈ വിജയത്തോടെ ഇരുപാദങ്ങളിലുമായി 5-1 ന് വിജയിച്ച് ടീം സെമിയിലെത്തി.

ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് വിയ്യാറയല്‍ ഡൈനാമോ സാഗ്രെബിനെ കീഴടക്കിയത്. ആദ്യ പാദ മത്സരത്തില്‍ ടീം എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. വിയ്യാറയലിനായി പാക്കോ അല്‍ക്കാസര്‍, ജെറാര്‍ഡ് മൊറേനോ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഡൈനാമോയ്ക്കായി മിസ്ലാവ് ഒറിസിച്ച് ആശ്വാസ ഗോള്‍ നേടി. ഇരുപാദങ്ങളിലുമായി 3-1 എന്ന സ്‌കോറിനാണ് വിയ്യാറയല്‍ വിജയിച്ചത്.

രണ്ടാം പാദ മത്സരത്തില്‍ അയാക്‌സുമായി സമനില വഴങ്ങിയെങ്കിലും ആദ്യപാദ മത്സരത്തിലെ വിജയം റോമയ്ക്ക് തുണയായി. രണ്ടാം പാദ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി പിരിഞ്ഞു. റോമയ്ക്കായി എഡിന്‍ സെക്കോയും അയാക്‌സിനായി ബ്രിയാന്‍ ബ്രോബറിയും ഗോള്‍ നേടി. ആദ്യ പാദ മത്സരത്തില്‍ 2-1 ന് റോമ വിജയിച്ചിരുന്നു. 

സെമി ഫൈനലില്‍ വിയ്യാറയല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെയും ആഴ്‌സനല്‍ റോമയെയും നേരിടും. ഏപ്രില്‍ 29 നാണ് ആദ്യപാദ സെമി ഫൈനല്‍ മത്സരം നടക്കുക.

Content Highlights: Villarreal, Roma and Arsenal enter into the semi finals of Europa league