ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിന് ഇത് നിരാശയുടെ സീസണ്‍. യൂറോപ്പ ലീഗ് രണ്ടാം പാദ സെമി ഫൈനലില്‍ വിയ്യാറയലിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ ആഴ്‌സണല്‍ പുറത്തായി. ഇരുപാദങ്ങളിലുമായി 2-1ന് വിജയിച്ച വിയ്യാറയല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു യൂറോപ്യന്‍ ഫൈനലിലേക്ക് മുന്നേറി. 

ആദ്യ പാദത്തില്‍ എവേ ഗോള്‍ നേടിയതിനാല്‍ ആഴ്‌സണലിന് ഫൈനലിലേക്ക് മുന്നേറാന്‍ 1-0 ത്തിന്റെ വിജയം മതിയായിരുന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ആഴ്‌സണല്‍ വിയ്യാറയലിന് മുന്നില്‍ ഗോളടിക്കാതെ മുട്ടുമടക്കി. 79-ാം മിനിറ്റില്‍ ഒബമയാങ്ങിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ഒബമയാങ്ങിനെ മാറ്റി ലകാസെറ്റയെ ഇറക്കിയെങ്കിലും ആ നീക്കവും പാളി. 

ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് വിയ്യാറയലിന്റെ എതിരാളികള്‍.റോമയെ തോല്‍പ്പിച്ചാണ് യുണൈറ്റഡ് ഫൈനല്‍ ടിക്കെറ്റെടുത്തത്. ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിന് കീഴില്‍ യുണൈറ്റഡിന്റെ ആദ്യ ഫൈനലാണിത്. റോമില്‍ നടന്ന രണ്ടാം പാദത്തില്‍ 3-2ന് പരാജയപ്പെട്ടെങ്കിലും ഇരുപാദങ്ങളിലുമായി 5-8ന് വിജയിച്ചാണ് യുണൈറ്റഡിന്റെ കുതിപ്പ്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ യുണൈറ്റഡ് 2-6ന് റോമയെ തോല്‍പ്പിച്ചിരുന്നു. 

രണ്ടാം പാദത്തില്‍ യുണൈറ്റഡിനായി എഡിസന്‍ കവാനി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എഡിന്‍ സെക്കോ, ബ്രയാന്‍ ക്രിസ്റ്റാന്റെ എന്നിവരാണ് റോമയുടെ ഗോളുകള്‍ നേടിയത്. അലെക്‌സ് ടെല്ലെസിന്റേത് സെല്‍ഫ് ഗോള്‍ കൂടി ആയതോടെ റോമ 3-2ന് വിജയിച്ചു.

Content Highlights: Villarreal reach European final for first time