Photo By MARTIN RICKETT| AFP
മോണ്ടിവിഡിയോ: സോഷ്യല്‍ മീഡിയയില്‍ വംശീയവിരുദ്ധ ചുവയുള്ള സ്പാനിഷ് വാക്ക് ഉപയോഗിച്ചതിന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം എഡിന്‍സന്‍ കവാനിക്കെതിരേ നടപടിയെടുത്ത ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനെതിരേ യുറഗ്വായ് സ്പാനിഷ് ഭാഷാ അക്കാദമി രംഗത്ത്.
നേരത്തെ കവാനിയെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കിയ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് 100,000 പൗണ്ട് പിഴയും ചുമത്തിയിരുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനുള്ള ഒരു ആരാധകന്റെ കമന്റിന് 'Gracias (നന്ദി) negrito' എന്ന മറുപടിയായി നല്‍കിയതാണ് കവാനിക്ക് വിനയായത്. സ്പാനിഷ് ഭാഷയില്‍ കറുത്ത വര്‍ഗക്കാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ഇതെന്ന് ആരോപിച്ചായിരുന്നു ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് താരത്തിനെതിരേ നടപടിയെടുത്തത്.
ഈ നടപടിയെ ശക്തമായി എതിര്‍ത്ത യുറഗ്വായ് സ്പാനിഷ് ഭാഷാ അക്കാദമി, സ്പാനിഷ് ഭാഷയിലുള്ള അസോസിയേഷന്റെ അജ്ഞതയാണ് നടപടിക്ക് കാരണമെന്നും വ്യക്തമാക്കി. ഉദാഹരണത്തിന് നെഗ്രിറ്റോ എന്ന വാക്ക് യുറഗ്വായിലെ സ്പാനിഷ് ഭാഷയില്‍ ദമ്പതികളിലോ സുഹൃത്തുക്കളിലോ, മാതാപിതാക്കള്‍ക്കും കുട്ടികള്ക്കുമിടയിലോ ഉള്ള ഒരാളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
യുറഗ്വായില്‍ സാധരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ഇതെന്ന് വ്യക്തമാക്കിയ സ്പാനിഷ് ഭാഷാ അക്കാദമി, കവാനിക്കെതിരേയുള്ള നടപടി കടുത്ത അനീതിയാണെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlights: Uruguay language academy defends Edinson Cavani ban
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..