സുഷൗ: സ്വന്തം കാണികളുടെ മുന്നില്‍ ചൈനീസ് ടീമിനെ വിറപ്പിക്കുകയെന്നത് കടുപ്പമേറിയ ജോലിയായിരിക്കുമെന്ന് ഇന്ത്യന്‍ പ്രതിരോധനിര താരം അനസ് എടത്തൊടിക. എന്നാല്‍ അക്കാര്യം ഇന്ത്യന്‍ ടീമിന് അസാധ്യമായ ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയ്ക്കെതിരായ സൗഹൃദ മത്സരത്തിനു മുന്‍പാണ് അനസിന്റെ പ്രതികരണം.
''ചൈനക്കെതിരേ കളിക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ കടുപ്പമേറിയ ജോലിയായിരിക്കും, അതും അവരുടെ നാട്ടില്‍വെച്ച്. എന്നാല്‍ അവര്‍ക്കെതിരേ വിജയം നേടുകയെന്നത് അസാധ്യമായ കാര്യമൊന്നുമല്ല. അടുത്തകാലത്ത് ഒന്‍പതു വിജയങ്ങള്‍ ഉള്‍പ്പെടെ 13 മത്സരങ്ങളില്‍ തോല്‍വി അറിയാതെ നമ്മള് മുന്നേറി. ടീമിന്റെ കഠിനാധ്വാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്'', അനസ് ചൂണ്ടിക്കാട്ടി.
കോച്ച് യുവതാരങ്ങളെ നന്നായി പിന്തുണയ്ക്കുന്നുണ്ട്. അവര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇപ്പോള്‍ ടീമിന് ഒന്നാകെ വല്ലാത്ത ഒരു പോസ്റ്റീവ് മനോഭാവമാണ് ഉള്ളതെന്നും അനസ് കൂട്ടിച്ചേര്‍ത്തു.
ഇരു ടീമുകളും കഴിഞ്ഞ 17 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 12-ലും വിജയം ചൈനക്കൊപ്പമായിരുന്നു. എങ്കിലും 13-ാം തീയതി ഇരു ടീമുകള്‍ക്കും അതൊരു പുതിയ തുടക്കമായിരിക്കുമെന്നും അനസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരു മൂന്ന്, നാലു വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ഫുട്ബോളില്‍ ഒരു കുതിച്ചു ചാട്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളുടെയും ശ്രമഫലമായാണ് ടീമിന് ഇത്രയേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതെന്നും അനസ് പറഞ്ഞു.
ചരിത്രത്തെ ഒരിക്കലും തള്ളിക്കളയുന്നില്ല, എങ്കിലും 13-ാം തീയതി ഇരുടീമുകള്‍ക്കും അതൊരു പുതിയ തുടക്കമായിരിക്കും. ഇരുടീമുകളും പൂജ്യത്തില്‍ നിന്നു തന്നെ തുടങ്ങേണ്ടതുണ്ടെന്നും അനസ് കൂട്ടിച്ചേര്‍ത്തു.
ഛേത്രി, ഗുര്‍പ്രീത്, ജെജെ, സന്ദേശ് എന്നിവരെല്ലാം ഏറെനാളായി ടീമിനൊപ്പമുള്ളവരാണ്. എങ്കിലും യുവതാരങ്ങളോടൊത്ത് സമയം ചെലവിടാനും സംസാരിക്കാനും അവരാരും മടിക്കാറില്ലെന്നും വെളിപ്പെടുത്തി.
ഓരോ മത്സരവും ഡിഫന്‍ഡര്‍മാര്‍ക്ക് കടുത്ത പരീക്ഷണം തന്നെയാണ്. എന്നാല്‍ നമ്മള് ഒന്നിച്ച് ഒരു കൂട്ടമായാണ് പൊരുതാറ്. സ്ട്രൈക്കര്‍മാരും, മിഡ്ഫീല്‍ഡര്‍മാരും, ഡിഫന്‍ഡര്‍മാരും തുടങ്ങി എല്ലാവര്ക്കും അതില്‍ തങ്ങളുടേതായ ജോലി നിര്‍വഹിക്കാനുണ്ടെന്നും അനസ് വ്യക്തമാക്കി.
അതേസമയം സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അനസ് എടത്തൊടികയ്ക്കൊപ്പം ആഷിഖ് കുരുണിയനും ഇടംപിടിച്ചിട്ടുണ്ട്. ഐ.എസ്.എല്ലിന് ഇടവേള നല്കി മടങ്ങിയ താരങ്ങള്‍ ഇപ്പോള്‍ ടീമിനൊപ്പം പരിശീലനത്തിലാണ്. സുനില്‍ ഛേത്രി നയിക്കുന്ന ടീമില്‍ ജെജെ ലാല്‍പെഖുവ, സന്ദേശ് ജിങ്കാന് എന്നിവരുമുണ്ട്. ഒക്ടോബര്‍ 13-ന് ഇന്ത്യന്‍ സമയം വൈകീട്ട് 05:05 നാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ടീവിയിലും മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം കാണാം.
ടീം:
ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, കരണ്‍ജിത് സിങ്.
പ്രതിരോധനിര: പ്രീതം കോട്ടാള്‍, സാര്‍ത്തക് ഗോലുയ്, സന്ദേശ് ജിങ്കാന്, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ്.
മധ്യനിര: ഉദാന്ത സിങ്, നിഖില്‍ പൂജാരി, പ്രോണായി ഹാള്‍ഡര്‍, റൗളിന് ബോര്‍ജെസ്, അനിരുദ്ധ ഥാപ്പ, വിനീത് റായ്, ഹാലിചരണ്‍ നാര്‍സാരി, ആഷിഖ് കുരുണിയന്.
മുന്നേറ്റനിര: സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുവ, സുമീത് പാസി, ഫാറൂഖ് ചൗധരി.
Content Highlights: UPSETTING CHINA IS A TREMENDOUSLY TOUGH JOB BUT NOT AN IMPOSSIBLE ONE: ANAS EDATHODIKA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..