ദുബായ്: 2022-ല്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വേദിയാകും. ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റിനോയാണ് ഇക്കാര്യം അറിയിച്ചത്. 

ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍ ലോകകപ്പില്‍ മത്സരിക്കും. നേരത്തേ തീരുമാനിച്ച പ്രകാരം ഈ വര്‍ഷം അവസാനം ജപ്പാനില്‍ വെച്ചായിരുന്നു ലോകകപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് ഭീഷണിമൂലം വേദിയും തീയതിയും മാറ്റുകയായിരുന്നു. 

അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും ലോകകപ്പ് നടക്കുക. യൂറോപ്പില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിയാണ് ലോകകപ്പില്‍ മത്സരിക്കുക. ആഫ്രിക്കയില്‍ നിന്ന് ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ ആഹ്‌ലി കളിക്കും. 

സൗത്ത് അമേരിക്കയില്‍ നിന്ന് ബ്രസീലിയന്‍ ക്ലബ്ബുകളായ പല്‍മെയ്‌റാസോ ഫ്‌ളമിംഗോയോ ആയിരിക്കും ലോകകപ്പിനെത്തുക. അടുത്ത മാസം നടക്കുന്ന കോപ്പ ലിബറേഷന്‍ കപ്പ് ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടും. മത്സരത്തില്‍ വിജയിക്കുന്ന ടീം ലോകകപ്പിന് യോഗ്യത നേടും. മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ടീമുകളേതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

ഏറ്റവുമധികം തവണ ക്ലബ്ബ് ഫുട്‌ബോളില്‍ മുത്തമിട്ട ക്ലബ്ബ് ബയേണ്‍ മ്യൂണിക്കാണ്. 2020 ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം നേടിയതും ബയേണ്‍ തന്നെയാണ്. 

Content Highlights: United Arab Emirates to host FIFA Club World Cup in early 2022