സുവോന്‍ (ദക്ഷിണ കൊറിയ): യുവരക്തത്തിന്റെ കരുത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് ഇംഗ്ലീഷ് ഫുട്‌ബോള്‍. ചെറുപ്പക്കാരുടെ മിടുക്കില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍. ഇരുപത് വയസ്സിന് താഴെയുള്ളവരുടെ ലോകകപ്പ് നേടിക്കൊണ്ടാണ് ഇംഗ്ലണ്ട് തിരിച്ചുവരവിന്റെ ലക്ഷണം കാട്ടിയത്. 1966നുശേഷം ഇംഗ്ലണ്ട് നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. 1966ല്‍ നേടിയ ലോകകപ്പാണ് ഇംഗ്ലണ്ടിന്റെ അവസാന അന്താരാഷ്ട്ര ഫുട്‌ബോള്‍ കിരീടം.

ഫൈനലില്‍ വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 35-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ സ്‌ട്രൈക്കര്‍ കാല്‍വര്‍ട്ട്-ലെവിനാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഒരു പെനാല്‍റ്റി തടഞ്ഞ ഗോളി ഫ്രെഡ്ഡി വുഡ്മാനും ഇംഗ്ലീഷ് വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

കൈല്‍ വാക്കര്‍ പീറ്റേഴ്‌സ് വരുത്തിയ ഫൗളിനാണ് പെനാല്‍റ്റി വിധിക്കപ്പെട്ടത്. എന്നാല്‍, അഡാല്‍ബെര്‍ട്ടൊ പെനാറാന്‍ഡ എടുത്ത കിക്ക് വുഡ്മാന്‍ തടഞ്ഞ് ഇംഗ്ലണ്ടിന് ആശ്വാസം പകര്‍ന്നു. ഇതിന് മുന്‍പ് സെര്‍ജിയോ കൊര്‍ഡോവോയുടെ ഒരു ഷോട്ടും വുഡ്മാന്‍ വഴിതിരിച്ചുവിട്ടിരുന്നു.

ഫൈനലില്‍ തോറ്റെങ്കിലും വെനസ്വേലയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രനേട്ടമാണ്. ഇതാദ്യമായാണ് അവര്‍ ഒരു ഫിഫ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.