Photo: AFP
ന്യോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): കഴിഞ്ഞ വര്‍ഷം മേയില്‍ പാരിസില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനെത്തിയ ലിവര്‍പൂള്‍ ആരാധകര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കാനൊരുങ്ങി യുവേഫ. ചൊവ്വാഴ്ച യുവേഫ തന്നെ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ വര്‍ഷം പാരിസിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് തൊട്ടുമുമ്പ് സ്റ്റേഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിന് പുറത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സ്വതന്ത്ര അന്വേഷണത്തില്‍ സ്റ്റേഡിയത്തിന് പുറത്ത് നടന്ന അനിഷ്ടസംഭവങ്ങളുടെ ഉത്തരവാദിത്തം തങ്ങള്‍ക്ക് തന്നെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ യുവേഫയുടെ ഈ നീക്കം.
ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളും സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡും തമ്മില്‍ മേയ് 28-ന് നടന്ന ഫൈനലിനുമുമ്പ് സ്റ്റേഡിയത്തിനുപുറത്ത് ആരാധകരും പോലീസും ഏറ്റുമുട്ടിയിരുന്നു. ആരാധകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് 35 മിനിറ്റോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടിക്കറ്റെടുത്ത ഒട്ടേറെയാളുകള്‍ക്ക് സ്റ്റേഡിയത്തില്‍ കടക്കാനായില്ല. വ്യാജടിക്കറ്റുമായി ഒരുസംഘം എത്തിയതാണ് പ്രശ്നം സൃഷ്ടിച്ചത്. സ്റ്റേഡിയത്തിനു പുറത്തെ സുരക്ഷാ നടപടികളെ തുടര്‍ന്ന് അകത്ത് കടക്കാന്‍ വൈകിയതോടെ, തള്ളിക്കയറിയ കാണികള്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ പാരീസ് പോലീസും യുവേഫയും ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.
ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എ, ബി, സി, എക്‌സ്, വൈ, ഇസഡ് ഗേറ്റുകളിലെ ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും പണം തിരികെ നല്‍കുമെന്ന് യുവേഫ പറഞ്ഞു. 19,618 ടിക്കറ്റുകളാണ് ലിവര്‍പൂള്‍ ആരാധകര്‍ക്ക് ഫൈനലിനായി അനുവദിച്ചത്.
Content Highlights: UEFA to refund Liverpool fans for Paris Champions League final chaos
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..