ന്യോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും യൂറോ 2020 യോഗ്യതാ പ്ലേ ഓഫും അടക്കമുള്ള മത്സരങ്ങളെല്ലാം അനിശ്ചിത കാലത്തേക്ക് റദ്ദാക്കി യുവേഫ. കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ജൂണ്‍ വരെയുള്ള എല്ലാ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളും വേണ്ടെന്നുവെയ്ക്കാനാണ് യുവേഫയുടെ തീരുമാനം. ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

നേരത്തെ ജൂണ്‍ അവസാനത്തോടെയെങ്കിലും മത്സരങ്ങള്‍ പുനഃരാരംഭിക്കാനായില്ലെങ്കില്‍ ഈ ഫുട്ബോള്‍ സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന് യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതി (യുവേഫ) തലവന്‍ അലക്സാണ്ടര്‍ സെഫെറിന്‍ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റും മാറ്റിവെയ്ക്കാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. 2021 ജൂണ്‍, ജൂലായ് മാസങ്ങളിലാകും ഇനി ടൂര്‍ണമെന്റ് നടത്തുക.

Content Highlights: UEFA suspends Champions League, Europa League indefinitely