ന്യോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): കോവിഡിനെ തുടര്‍ന്ന് ആഗോള ഫുട്‌ബോള്‍ കലണ്ടര്‍ തന്നെ അവതാളത്തിലായതോടെ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്താംബൂളില്‍ നിന്ന് മാറ്റാനൊരുങ്ങി യുവേഫ. ജൂണ്‍ 17-ന് യുവേഫയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. മാര്‍ച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ച ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ പൂര്‍ത്തികരിക്കുന്നതുമായി ബന്ധപ്പെട്ട വര്‍ക്കിങ് ഗ്രൂപ്പിന്റെ കണ്ടെത്തലുകള്‍ വിലയിരുത്താനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.

രാജ്യാന്തര വിമാനങ്ങളുടെ വരവിന് നിലവില്‍ തുര്‍ക്കിയില്‍ വിലക്കുണ്ട്. ഇക്കാരണത്താല്‍ തന്നെ താരങ്ങള്‍ക്കും മറ്റു ഉദ്യോ​ഗസ്ഥർക്കും ഇവിടേക്ക് എത്തിപ്പെടുന്നത് അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് ഫൈനല്‍ വേദി മാറ്റുന്നതിനെ കുറിച്ച് യുവേഫ ആലോചിക്കുന്നത്.

അതേസമയം കോവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പ്രധാന ഫുട്ബോള്‍ ലീഗുകള്‍ പുനരാരംഭിക്കുന്ന തീയതികള്‍ പുറത്തുവന്നതോടെയാണിത്. ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്.

എല്ലാ മത്സരങ്ങളും ഒറ്റ വേദിയില്‍ നടത്താനാണ് പദ്ധതിയിടുന്നത്. ബുണ്ടസ് ലിഗ മത്സരങ്ങള്‍ നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു. ലാ ലിഗ ജൂണ്‍ 11-ന് പുനരാരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

Content Highlights: UEFA planning to move the Champions League final away from Istanbul