മ്യൂണിക്ക്: വിമത സൂപ്പർ ലീഗിന് ചുക്കാൻ പിടിച്ച യൂറോപ്പിലെ വമ്പൻ ക്ലബുകൾക്കെതിരേ അച്ചടക്ക നടപടിക്ക് തുടക്കമിട്ട് യുവേഫ. സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബ് യുവന്റസ് എന്നിവയ്ക്കെതിരേയാണ് യുവേഫ നടപടികൾ ആരംഭിച്ചത്.

എ.സി. മിലാൻ, അത്ലറ്റിക്കോ മാഡ്രിഡ്, ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, ചെൽസി എന്നിവരുമടക്കം പന്ത്രണ്ട് ക്ലബുകൾ ചേർന്നാണ് സൂപ്പർ ലീഗിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ആരാധകരുടേയും യുവേഫയുടേയും പ്രതിഷേധം ശക്തമായതോടെ റയലും ബാഴ്സയും യുവന്റസും ഒഴികേയുള്ളവർ പിന്മാറി. ഇതിനെ തുടർന്നാണ് യുവേഫ ഈ മൂന്ന് വമ്പൻ ക്ലബുകൾക്കുമെതിരേയുള്ള നടപടിക്ക് തുടക്കമിട്ടത്.

സൂപ്പർ ലീഗുമായി മുന്നോട്ടു പോവാനാണ് തീരുമാനമെങ്കിൽ ഇനി ചാമ്പ്യൻസ് ലീഗിൽ കളിക്കില്ലെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെരിൻ നേരത്തെ ക്ലബുകളെ താക്കീത് ചെയ്തിരുന്നു. ക്ലബുകൾക്കെതിരേ എന്ത് നടപടിയാവും കൈക്കൊള്ളുക എന്ന് യുവേഫ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മൂന്ന് ക്ലബുകളും അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിക്കഴിഞ്ഞതാണ്. ഇവരെ അയോഗ്യരാക്കി പുതിയ ക്ലബുകൾക്ക് സ്ഥാനക്കയറ്റം നൽകുന്നത് വലിയ നിയമനടപടികൾക്ക് വഴിവച്ചേക്കും. ചാമ്പ്യൻസ് ലീഗിന്റെ വരുന്ന സീസൺ ആകെ കുഴഞ്ഞുമറിയുകയും ചെയ്യും. അതിനാൽ യുവേഫ തത്‌കാലം അത്തരമൊരു നടപടിക്ക് പെട്ടന്ന് മുതിർന്നേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: UEFA opens disciplinary proceedings against Barcelona Real Madrid and Juventus for Super League plot