ലണ്ടന്‍: യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ ഉറച്ചുനില്‍ക്കുന്ന മൂന്ന് ഫുട്ബോള്‍ ക്ലബ്ബുകള്‍ക്കെതിരേ യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടന (യുവേഫ) അച്ചടക്കനടപടി തുടങ്ങി. ക്ലബ്ബുകളുടെ അച്ചടക്കലംഘനം അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചു.

കഴിഞ്ഞദിവസം ചേര്‍ന്ന യുവേഫ ഗവേണിങ് ബോഡി യോഗം അച്ചടക്കം അടക്കമുള്ള കാര്യം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.

സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് എന്നിവയാണ് സൂപ്പര്‍ ലീഗില്‍ ഉറച്ചുനില്‍ക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യൂറോപ്പിലെ 12 വമ്പന്‍ ക്ലബ്ബുകള്‍ ലീഗ് പ്രഖ്യാപിച്ചത്. ആരാധകരോഷത്തെ തുടര്‍ന്ന് ഒമ്പത് ക്ലബ്ബുകള്‍ പിന്മാറി.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, മാഞ്ചെസ്റ്റര്‍ സിറ്റി, ചെല്‍സി, ടോട്ടനം, ആഴ്‌സണല്‍, എസി മിലാന്‍, ഇന്റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് പിന്മാറിയ ക്ലബ്ബുകള്‍. 

Content Highlights: UEFA opens disciplinary probe against Super League holdouts Real Madrid, Barcelona and Juventus