മ്യൂണിക്ക്: പ്രഥമ യുവേഫ നേഷന്‍സ്‌ ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ മുന്‍ ചാമ്പ്യന്മാരായ ജര്‍മനി ഗോള്‍രഹിത സമനിലയില്‍ തളച്ചു. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ യുക്രൈന്‍ 2-1 ന് അട്ടിമറിച്ചപ്പോള്‍ ഗാരെത്‌ ബെയ്‌ലിന്റെ വെയ്ല്‍സ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെ തകര്‍ത്തു.

ലോകകപ്പിന്റെ കറുത്ത ഓര്‍മ്മകള്‍ മറക്കുന്ന പ്രകടനമായിരുന്നു ജര്‍മനിയുടേത്. കളത്തില്‍ മികച്ചു നിന്നതും അവരായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും ഗോള്‍ ശ്രമങ്ങളിലും ജര്‍മനി ലോകചാമ്പ്യന്‍മാരേക്കാള്‍ മുന്നിട്ടു നിന്നു. എന്നാല്‍ ഗോള്‍ മാത്രം അകന്നു.

റഷ്യയില്‍ ക്രൊയേഷ്യയ്ക്കെതിരെ ഫൈനലിനിറങ്ങിയ ടീമില്‍ നിന്ന് നായകനും ഗോള്‍ കീപ്പറുമായ ഹ്യൂഗോ ലോറിസിനെ പുറത്തിരുത്തിയാണ് ദിദിയര്‍ ദെഷാംസ് ടീമിനെ ഇറക്കിയത്. ലോറിസിനു പകരം കളത്തിലിറങ്ങിയ അല്‍ഫോണ്‍സ് അരിയോള മികച്ച പ്രകടനം കാഴ്ചവെച്ചു. ജര്‍മന്‍ മുന്നേറ്റത്തില്‍ അരിയോള നടത്തിയ തകര്‍പ്പന്‍ സേവുകള്‍ ഫ്രാന്‍സിന് തുണയാകുകയായിരുന്നു. ആറ് സേവുകളാണ് അരിയോള കളിയിലുടനീളം നടത്തിയത്. ഒന്‍പതിന് നെതര്‍ലന്‍ഡ്സിനെതിരെയാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം. 13-ന് നെതര്‍ലന്‍ഡ്സിനെതിരെ തന്നെയാണ് ജര്‍മനിയുടെയും അടുത്ത മത്സരം.

വെയ്ല്‍സിന് തകര്‍പ്പന്‍ ജയം

മറ്റൊരു മത്സരത്തില്‍ വെയ്ല്‍സ്, അയര്‍ലന്‍ഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തു. വെയ്ല്‍സിനായി ടോം ലോറന്‍സ് (6), ഗാരത് ബെയ്ല്‍ (18), ആരോണ്‍ റാംസെ (37), കോനര്‍ റോബര്‍ട്‌സ് (55) എന്നിവര്‍ ലക്ഷ്യം കണ്ടു. ഷോണ്‍ വില്യംസാണ് അയര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. റയലിലെ മികച്ച ഫോം തുടര്‍ന്ന ബെയ്ല്‍ മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്തു. അയര്‍ലണ്ടിനെതിരായ വെയില്‍സിനെ ഏറ്റവും വലിയ വിജയമാണിത്. 1981-ലെ 3-1 വിജയമാണ് മറികടന്നത്.

ഗ്രൂപ്പ് മൂന്നില്‍ ബള്‍ഗേറിയ 2-1 ന് സ്ലോവേനിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നോര്‍വെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സൈപ്രസിനെയും തോല്‍പ്പിച്ചു.

Content Highlights: uefa nations league germany france draw