Photo: twitter.com/EURO2024
വിയന്ന: യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരും ലോകകപ്പ് ജേതാക്കളുമായ ഫ്രാന്‍സിന്റെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഫ്രാന്‍സിന് വിജയം നേടാനായില്ല. ഇത്തവണ ഓസ്ട്രിയ ഫ്രാന്‍സിനെ സമനിലയില്‍ തളച്ചു. എന്നാല്‍ മറ്റൊരു മത്സരത്തില്‍ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ വിജയം നേടി.
ലീഗ് എ യിലെ ഗ്രൂപ്പ് ഒന്നില്‍ നടന്ന പോരാട്ടത്തില്‍ ഓസ്ട്രിയയും ഫ്രാന്‍സും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 37-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് വെയ്മാനിലൂടെ ഓസ്ട്രിയയാണ് ലീഡെടുത്തത്. എന്നാല്‍ 83-ാം മിനിറ്റില്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഫ്രാന്‍സിനായി സമനില ഗോള്‍ നേടി.
ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്കിനോട് തോറ്റ ഫ്രാന്‍സ് രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം തുലാസിലായി. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകൂ. എംബാപ്പെ, കരിം ബെന്‍സേമ, ആന്റോയിന്‍ ഗ്രീസ്മാന്‍, കോമാന്‍, ഹ്യൂഗോ ലോറിസ് തുടങ്ങിയ വമ്പന്മാര്‍ അണിനിരന്നിട്ടും ഫ്രാന്‍സിന് താളം കണ്ടെത്താനായില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഡെന്മാര്‍ക്കിനെ കീഴടക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം. മരിയോ പസലിച്ച് ടീമിനായി വിജയഗോള്‍ നേടി. നേഷന്‍സ് ലീഗിന്റെ പുതിയ പതിപ്പിലെ ക്രൊയേഷ്യയുടെ ആദ്യ വിജയമാണിത്.
തോറ്റെങ്കിലും ഗ്രൂപ്പില്‍ ഡെന്മാര്‍ക്കാണ് ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് ടീമിനുള്ളത്. നാല് പോയന്റുള്ള ഓസ്ട്രിയ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ക്രൊയേഷ്യയ്ക്കും നാല് പോയന്റാണുള്ളതെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ ടീം മൂന്നാമതായി. രണ്ട് പോയന്റ് മാത്രമുള്ള ഫ്രാന്‍സ് നാലാമതാണ്.
Content Highlights: uefa nations league 2022, croatia, france, austria, denmark, football, sports news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..