മാഡ്രിഡ്:യുവേഫാ നേഷൻസ് ലീഗിൽ സ്പെയ്നിന് ചിരിയും ജർമനിക്ക് കരച്ചിലും. യുക്രെയ്നെതിരെ സ്പെയ്ൻ നാല് ഗോൾ വിജയമാഘോഷിച്ചപ്പോൾ ജർമനിയെ സ്വിറ്റ്സർലന്റ് സമനിലയിൽ കുരുക്കി. ഉതോടെ നേഷൻസ് ലീഗിൽ വിജയത്തിനായി ജർമനി ഇനിയും കാത്തിരിക്കണം.

ബാഴ്സലോണയുടെ പതിനേഴുകാരൻ അൻസു ഫാത്തിയുടെ സ്വപ്നപ്രകടനമാണ് സ്പെയ്നിനെ തുണച്ചത്. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഫാത്തിയുടെ വേഗതയും ഡ്രിബിള്ങ് മികവും യുക്രെയ്ൻ പ്രതിരോധത്തെ പരീക്ഷിച്ചു. ഒടുവിൽ ഫാത്തിയെ വീഴ്ത്തിയതിന് സ്പെയ്നിന് അനുകൂലമായ പെനാൽറ്റി. മൂന്നാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ സെർജിയോ റാമോസ് സ്പെയ്നിന് മുൻതൂക്കം നൽകി. 29-ാം മിനിറ്റിൽ മോറെനോയുടെ ക്രോസിൽ നിന്ന് മനോഹരമായൊരു ഹെഡ്ഡറിലൂടെ റാമോസ് തന്റെ രണ്ടാം ഗോൾ കണ്ടെത്തി.

32-ാം മിനിറ്റിൽ ഫാത്തിയുടെ മാന്ത്രിക ഗോൾ വന്നു. ബോക്സിന് പുറത്തുനിന്ന്ന മനോഹരമായൊരു ഷോട്ടിലൂടെ വല ചലിപ്പിച്ച ഫാത്തി രാജ്യത്തിനായി തന്റെ ആദ്യ ഗോൾ നേടി. 84-ാം മിനിറ്റിൽ ഫെരൻ ടോറസിലൂടെ സ്പെയിൻ ഗോൾപട്ടിക പൂർത്തിയാക്കി.

എന്നാൽ സ്വിറ്റ്സർലന്റിനെതിരായ മത്സരത്തിൽ സമനില വഴങ്ങാനായിരുന്നു ജർമനിയുടെ വിധി. 14-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗുണ്ടോഗന്റെ ഷോട്ടിലൂടെ ജർമനി ലീഡെടുത്തു. എന്നാൽ 57 മിനിറ്റുവരെ അതിന് ആയുസുണ്ടായിരുന്നുള്ളു. വിഡ്മെറിലൂടെ സ്വിറ്റസർലന്റ് സമനില ഗോൾ കണ്ടെത്തി. കഴിഞ്ഞ മത്സരത്തിലും ഇഞ്ചുറി ടൈം വരെ ഒരു ഗോളിന് മുന്നിൽനിന്ന ശേഷമാണ് സ്പെയ്നിനോട് ജർമന സമനില വഴങ്ങിയത്.

Content Highlights: UEFA Nations League Football Spain and Germany