മിലാന്‍: ഗംഭീര തിരിച്ചുവരവില്‍ ബെല്‍ജിയത്തെ കീഴടക്കി ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സ് യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് ഫ്രഞ്ച് സംഘം ജയം പിടിച്ചെടുത്തത്. ഞായറാഴ്ച്ച രാത്രി 12.15 ന് നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സ് സ്പെയിനിനെ നേരിടും. ഇറ്റലിയെ കീഴടക്കിയാണ് സ്‌പെയിന്‍ ഫൈനലില്‍ കടന്നത്.

കരീം ബെന്‍സമ (62), കൈലിയന്‍ എംബാപ്പെ (പെനാല്‍ട്ടി 69), തിയോ ഹെര്‍ണാണ്ടസ് (90) എന്നിവര്‍ ഗോള്‍ ഫ്രാന്‍സിനായി ഗോള്‍ നേടി. യാനിക് കരാസ്‌കോ (37),റൊമേലു ലുക്കാക്കു (40) എന്നിവര്‍ ബെല്‍ജിയത്തിനായി ഗോള്‍ നേടി.

ആദ്യപകുതിയില്‍ ബെല്‍ജിയത്തിനായിരുന്നു ആധിപത്യം. പന്ത് കൈവശം വെക്കുന്നതിനും കൂടുതല്‍ ആക്രമണം സഘടിപ്പിക്കുന്നതിലും ടീം മികച്ചുനിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ശക്തമായി തിരിച്ചുവന്നു.ബെല്‍ജിയം 3-4-3 ശൈലിയിലാണ് കളിച്ചതെങ്കിലും പ്രതിരോധം ഉറപ്പിച്ചാണ് ആക്രമണത്തിന് മുതിര്‍ന്നത്.. ഫ്രഞ്ച് ടീം 3-4-1-2 ശൈലിയില്‍ കളിച്ചു.

ബെല്‍ജിയത്തിന്റെ ആദ്യഗോള്‍ യാനിക് കരാസ്‌ക്കോയുടെ മികവില്‍ നിന്നായിരുന്നു. പന്തുമായി കയറിയ ശേഷം തൊടുത്ത ഷോട്ട് ഫ്രഞ്ച് താരത്തിന്റെ കാലില്‍ തട്ടി ദിശമാറി വലയില്‍ കയറി. രണ്ടാമത്തെ ഗോള്‍ കെവിന്‍ ഡിബ്രുയ്ന്‍- റൊമേലു ലുക്കാക്കു ഒത്തിണക്കത്തില്‍ നിന്നായിരുന്നു. പ്രതിരോധം പിളര്‍ത്തി ഡിബ്രുയ്ന്‍ നല്‍കിയ പന്തിനെ അകത്തേക്ക് കയറാന്‍ അനുവദിച്ച ശേഷം ഓടിയെടുത്ത് ലുക്കാക്കുവിന്റെ പൊള്ളുന്ന ഷോട്ട് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന് അവസരമൊന്നും നല്‍കാതെ വലകുലുക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ഫ്രാന്‍സ് കളിയിലേക്ക് തിരിച്ചു വന്നു. കരീം ബെന്‍സമ ടീമിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാം ഗോള്‍ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. അന്റോയിന്‍ ഗ്രീസ്മാനെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് എംബാപ്പെ പിഴവുകളില്ലാതെ ലക്ഷ്യത്തിലെത്തിച്ചു. ഒടുവില്‍ 90-ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസിലൂടെ ഫ്രാന്‍സ് ജയമുറപ്പിച്ചു.