മിലാന്‍: ലോകകപ്പ് കിരീടത്തിനൊപ്പം യുവേഫ നേഷന്‍സ് ലീഗും മോഹിക്കുന്ന ഫ്രാന്‍സ് ഒരു വശത്ത്. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ കൊതിക്കുന്ന സ്‌പെയിനിന്റെ യുവസംഘം മറുവശത്ത്. നേഷന്‍സ് ലീഗ് ഫൈനലില്‍ യൂറോപ്പിലെ വമ്പന്മാരായ ഫ്രാന്‍സും സ്‌പെയിനും നേര്‍ക്കുനേര്‍. ഞായറാഴ്ച രാത്രി 12.15-നാണ് കിക്കോഫ്. വൈകീട്ട് 6.30-ന് ലൂസേഴ്സ് ഫൈനലില്‍ ഇറ്റലി ബെല്‍ജിയത്തെ നേരിടും.

ഫ്രാന്‍സ്

റാങ്ക്: 4

പരിശീലകന്‍: ദിദിയര്‍ ദെഷാംപ്സ്

ക്യാപ്റ്റന്‍: ഹ്യൂഗോ ലോറിസ്

നേട്ടം: ലോകകപ്പ് (2), യൂറോകപ്പ് (2),

കോണ്‍ഫെഡറേഷന്‍സ് കപ്പ് (2)

കരുത്തോടെ ഫ്രാന്‍സ്

ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയത്തിനെതിരേ ശക്തമായി തിരിച്ചുവന്ന് നേടിയ ജയം ഫ്രാന്‍സിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. സെമിഫൈനലില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ച് ജയിച്ചത് ടീമിന്റെ സാധ്യതകളും വര്‍ധിപ്പിക്കുന്നു. അതിശക്തമായ മുന്നേറ്റനിരയും കയറിക്കളിക്കാന്‍ കഴിയുന്ന വിങ്ബാക്കുകളും മധ്യനിരയില്‍ പോള്‍ പോഗ്ബയെന്ന തളരാത്ത പോരാളിയുമാണ് ഫ്രാന്‍സിന്റെ കരുത്ത്. കൈലിയന്‍ എംബാപ്പെ- കരീം ബെന്‍സമ-ആന്റോയിന്‍ ഗ്രീസ്മാന്‍ ത്രയം ബെല്‍ജിയത്തിനെതിരേ ക്ലിക്കായതും ടീമിനെ ഉത്തേജിപ്പിക്കും.

സാധ്യതാ ടീം: ലോറിസ്, കൗന്‍ഡെ, വരാന്‍, ലൂക്കാസ് ഹെര്‍ണാണ്ടസ്, പവാര്‍ഡ്, ചൗമെനി, പോഗ്ബ, തിയോ ഹെര്‍ണാണ്ടസ്, ഗ്രീസ്മാന്‍, ബെന്‍സമ, എംബാപ്പെ

സ്പെയിന്‍

റാങ്ക്: 8

പരിശീലകന്‍- ലൂയി ഹെന്റിക്കെ

ക്യാപ്റ്റന്‍- സെര്‍ജി ബുസ്‌കെറ്റ്സ്

നേട്ടം: ലോകകപ്പ് (1), യൂറോ കപ്പ് (3)

യുവനിരയുമായി സ്‌പെയിന്‍

പുതിയൊരു സ്പാനിഷ് നിരയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന കോച്ച് ലൂയി ഹെന്റീക്കെക്ക് നേഷന്‍സ് കപ്പ് ജയിച്ചാല്‍ അത് വലിയ ഉത്തേജനമാകും. യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ സെമിയില്‍ 2-1 ന് വീഴ്ത്തിയത് സ്‌പെയിന് ആത്മവിശ്വാസം പകരുന്നു.

മുന്നേറ്റനിരയില്‍ അല്‍വാരോ മൊറാട്ടയും ജെറാര്‍ഡ് മൊറാനോയുമില്ലാത്തത് ടീമിനെ ബാധിക്കാതെ നോക്കാന്‍ ഫെറാന്‍ ടോറസിനായി. പൗളോ സറാബിയ, മൈക്കല്‍ ഒയര്‍സബാള്‍ എന്നിവരടങ്ങുന്ന മുന്നേറ്റനിര സെമിയില്‍ നന്നായി കളിച്ചു. നായകന്‍ സെര്‍ജി ബുസ്‌കെറ്റ്സ്, പതിനേഴുകാരന്‍ ഗാവി, കൊക്കെ എന്നിവര്‍ കളിക്കുന്ന മധ്യനിരയും ശക്തം.

സാധ്യതാ ടീം: യുനായ് സിമണ്‍, ആസ്പിലി ക്യൂട്ട, പാവു ടോറസ്, അലോന്‍സോ, ഗാവി, ബുസ്‌കെറ്റ്സ്, കോക്കെ, സറാബിയ, ടോറസ്, ഒയര്‍സബാള്‍.

സമ്മാനത്തുക

ചാമ്പ്യന്‍മാര്‍ - 90 കോടി രൂപ

റണ്ണറപ്പ് - 78 കോടി

മൂന്നാം സ്ഥാനം - 69 കോടി

നാലാം സ്ഥാനം - 60 കോടി

Content Highlights: UEFA Nations League final as Spain will take on France