ഫ്രാൻസിനെ തോൽപ്പിച്ച ഡെന്മാർക്ക് ടീമിന്റെ ആഘോഷം | Photo: twitter.com/EURO2024
ബ്രസല്‍സ്: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തിനും നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരും നേഷന്‍സ് ലീഗ് ചാമ്പ്യന്മാരുമായ ഫ്രാന്‍സിനും ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയ്ക്കും ഞെട്ടിക്കുന്ന തോല്‍വി. ബെല്‍ജിയത്തെ ഹോളണ്ടും ഫ്രാന്‍സിനെ ഡെന്മാര്‍ക്കും അട്ടിമറിച്ചു. ക്രൊയേഷ്യയെ ഓസ്ട്രിയയാണ് ഞെട്ടിച്ചത്.
ബെല്‍ജിയത്തെ ഹോളണ്ട് ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് നാണംകെടുത്തി. ലീഗ് എ യിലെ ഗ്രൂപ്പ് നാലില്‍ നടന്ന പോരാട്ടത്തില്‍ ഹോളണ്ടിനായി സൂപ്പര്‍താരം മെംഫിസ് ഡീപേ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സ്റ്റീവന്‍ ബെര്‍ഗ്വിന്‍, ഡെന്‍സല്‍ ഡംഫ്രൈസ് എന്നിവരും വലകുലുക്കി. മിച്ചി ബാറ്റ്ഷുവായി ബെല്‍ജിയത്തിന്റെ ആശ്വാസ ഗോള്‍ നേടി.
കെവിന്‍ ഡിബ്രുയിനെ, ഈഡന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാക്കു, വിറ്റ്‌സല്‍, വെര്‍ട്ടോംഗന്‍ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം അണിനിരന്നിട്ടും ബെല്‍ജിയത്തിന് ഹോളണ്ടിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഈ വിജയത്തോടെ ഹോളണ്ട് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. പോളണ്ടാണ് രണ്ടാമത്. ബെല്‍ജിയം നിലവില്‍ നാലാമതാണ്. വെയ്ല്‍സാണ് മൂന്നാമത്.
ലീഗ് എ യിലെ ഗ്രൂപ്പ് ഒന്നിലെ മത്സരത്തില്‍ ഫ്രാന്‍സിനെ അക്ഷരാര്‍ത്ഥത്തില്‍ ഡെന്മാര്‍ക്ക് ഞെട്ടിക്കുകയായിരുന്നു. ഒരു ഗോളിന് മുന്നില്‍ നിന്നശേഷമാണ് ഫ്രാന്‍സ് തോല്‍വി വഴങ്ങിയത്. സൂപ്പര്‍ താരം കരിം ബെന്‍സേമയിലൂടെ ഫ്രാന്‍സ് 51-ാം മിനിറ്റില്‍ ലീഡെടുത്തു. എന്നാല്‍ 68-ാം മിനിറ്റിലും 88-ാം മിനിറ്റിലും ലക്ഷ്യം കണ്ട് ആന്‍ഡ്രിയാസ് കോര്‍നെലിയസ് ഡെന്മാര്‍ക്കിന്റെ വിജയനായകനായി.
സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെ, കരിം ബെന്‍സേമ, ആന്റോണിയോ ഗ്രീസ്മാന്‍, കാന്റെ, ലോറിസ്, വരാനെ, കോമാന്‍ തുടങ്ങിയവരെല്ലാം അണിനിരന്ന ഫ്രാന്‍സിനെ ഡെന്മാര്‍ക്ക് അതിമനോഹരമായാണ് നേരിട്ടത്. അര്‍ഹിച്ച വിജയം ടീം നേടിയെടുത്തു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് ഓസ്ട്രിയ നാണംകെടുത്തി. മാര്‍ക്കോ അര്‍ണൗട്ടോവിച്ച്, മൈക്കിള്‍ ഗ്രെഗോറിറ്റ്ച്ച്, മാഴ്‌സെല്‍ സബിറ്റ്‌സെര്‍ എന്നിവര്‍ ഓസ്ട്രിയയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകനായ റാള്‍ഫ് റാഗ്നിക്ക് ചുമതലയേറ്റതിനുശേഷമുള്ള ഓസ്ട്രിയയുടെ ആദ്യ മത്സരമാണിത്.
ഈ വിജയത്തോടെ ഓസ്ട്രിയ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഡെന്മാര്‍ക്കാണ് രണ്ടാമത്. ഫ്രാന്‍സ് മൂന്നാമതും ക്രൊയേഷ്യ അവസാന സ്ഥാനത്തുമാണ്.
Content Highlights: uefa nations league 2022, belgium, france, croatia, netherlands, austria, denmark, football
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..