ന്യോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): കോവിഡ്-19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ചാമ്പ്യന്‍സ് ലീഗിലെ ബാക്കി മത്സരങ്ങള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മിനി ടൂര്‍ണമെന്റിലേക്ക് ചുരുക്കി ഓഗസ്റ്റ് 29-ന് ഇസ്താംബൂളില്‍ ഫൈനല്‍ മത്സരം സംഘടിപ്പിക്കാന്‍ യുവേഫ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

യൂറോപ്പ ലീഗ് ഫൈനല്‍ പോളണ്ടിലെ ഡാന്‍സ്‌കില്‍ ഓഗസ്റ്റ് 26-ന് നടത്താനും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മൂന്നു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 29-ന് നടത്താനും യുവേഫ ആലോചിക്കുന്നതായി ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മറ്റു കായിക ഇനങ്ങളെ പോലെ തന്നെ കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ഫുട്‌ബോള്‍ മത്സരങ്ങളും ഒന്നടങ്കം നിര്‍ത്തിവെച്ചിരിക്കുകയാണ്. യൂറോപ്പിലെ പ്രധാന ലീഗുകളെല്ലാം തന്നെ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇക്കാര്യത്തില്‍ രണ്ട് ഓപ്ഷനുകള്‍ യുവേഫ പരിഗണിക്കുന്നുണ്ട്. അതിലൊന്ന് ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലും സെമി ഫൈനലും ഇരു പാദങ്ങളായി നടത്തുക എന്നതാണ്. എന്നാല്‍ ആഭ്യന്തര ലീഗുകള്‍ ജൂണില്‍ പുനരാരംഭിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ.

രണ്ടാമത്തേത്, ആഭ്യന്തര സീസണുകള്‍ അവസാനിച്ചതിന് ശേഷം ശേഷിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ടീമുകളെ ഉള്‍പ്പെടുത്തി ഒരാഴ്ച കൊണ്ട് മത്സരങ്ങള്‍ തീര്‍ക്കുക എന്നതാണ്.

അടുത്ത വ്യാഴാഴ്ച യുവേഫയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഈ രണ്ടു നിര്‍ദേശങ്ങളും ചര്‍ച്ചചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: UEFA is working to plan Champions League final on August 29