മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമിയില്‍. സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സ്പാനിഷ് ക്ലബ്ബ് ഗ്രാനഡയെ തകര്‍ത്താണ് യുണൈറ്റഡ് സെമിയിലേക്ക് മുന്നേറിയത്. 

ആദ്യ പാദ മത്സരം 2-0ന് സ്വന്തമാക്കിയ യുണൈറ്റഡ് ഇരു പാദങ്ങളിലുമായി 4-0ന്റെ ജയത്തോടെയാണ് സെമിയില്‍ കടന്നത്. 

ആറാം മിനിറ്റില്‍ തന്നെ എഡിന്‍സണ്‍ കവാനി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഇടതു വിങ്ങില്‍ നിന്ന് ടെല്ലസ് നല്‍കിയ ക്രോസില്‍ നിന്ന് പോഗ്ബ നല്‍കിയ ഹെഡര്‍ പാസ് ഉഗ്രനൊരു വോളിയിലൂടെ കവാനി വലയിലെത്തിക്കുകയായിരുന്നു. 

മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ജീസസ് വല്ലേയോയുടെ സെല്‍ഫ് ഗോളും യുണൈറ്റഡിന്റെ ഗോള്‍ പട്ടികയിലെത്തി. 

സെമിയില്‍ എ എസ് റോമയാണ് യുണൈറ്റഡിന്റെ എതിരാളികള്‍.

Content Highlights: UEFA Europa League Manchester United Cruise Into Last Four