ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ, ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി, ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസ് എന്നിവര്‍ക്ക് ജയം. 

ബാഴ്‌സ യുക്രൈന്‍ ക്ലബ്ബ് ഡൈനാമോ കീവിനെ തോല്‍പ്പിച്ചപ്പോള്‍ ഹംഗേറിയന്‍ ക്ലബ്ബ് ഫെറെന്‍ക്വാറോസിനെതിരേയായിരുന്നു യുവെന്റസിന്റെ ജയം. ചെല്‍സി ഫ്രഞ്ച് ക്ലബ്ബ് റെയെയെ തകര്‍ത്തുവിടുകയും ചെയ്തു.

ഗ്രൂപ്പ് ജിയില്‍ നടന്ന പോരാട്ടത്തില്‍ നൗക്യാമ്പില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ  ഡൈനാമോ കീവിനെ തോല്‍പ്പിച്ചത്. ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. കോവിഡ് മൂലം പ്രമുഖ താരങ്ങള്‍ ഇല്ലാതെ ഇറങ്ങിയ ഡയനാമോയ്ക്കെതിരേ അഞ്ചാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ പെനാല്‍റ്റി ഗോളില്‍ ബാഴ്‌സ ലീഡെടുത്തു. 65-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെ ബാഴ്‌സയുടെ രണ്ടാം ഗോളും നേടി. എന്നാല്‍ മത്സരത്തില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ കീവ് 75-ാം മിനിറ്റില്‍ വിക്ടര്‍ സിഹാന്‍കോവിലൂടെ ഒരു ഗോള്‍ മടക്കി. പരിക്ക് മാറി ബാഴ്‌സ നിരയിലേക്ക് തിരിച്ചെത്തിയ മാര്‍ക്ക് ആന്‍േ്രഡ ടെര്‍‌സ്റ്റേഗന്റെ മികച്ച പ്രകടനവും ബാഴ്‌സയ്ക്ക് തുണയായി.

ഗ്രൂപ്പ് ജിയിലെ തന്നെ പോരാട്ടത്തില്‍ ഹംഗേറിയന്‍ ക്ലബ്ബ് ഫെറെന്‍ക്വാറോസിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് യുവെന്റസ് തകര്‍ത്തുവിട്ടത്. ഫെറെന്‍ക്വാറോസിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ അല്‍വാരോ മൊറാട്ടയാണ് യുവെയ്ക്ക് ജയമൊരുക്കിയത്. ഏഴാം മിനിറ്റില്‍ തന്നെ യുവെയ്ക്ക് ലീഗ് നല്‍കിയ മൊറാട്ട 60-ാം മിനിറ്റിലും സ്‌കോര്‍ ചെയ്തു. പൗളോ ഡിബാല 72-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ 81-ാം മിനിറ്റില്‍ ഫെറെന്‍ക്വാറോസ് താരം ലാഷ ഡാലിയുടെ സെല്‍ഫ് ഗോളും യുവെയുടെ അക്കൗണ്ടിലെത്തി. 90-ാം മിനിറ്റില്‍ ഫ്രാങ്ക് ബോളിയാണ് ഫെറെന്‍ക്വാറോസിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയന്റുമായി രണ്ടാം സ്ഥാനത്താണ് യുവെന്റസ്.

ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് റെയെയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പ്പിച്ചത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ തിമോ വെര്‍ണര്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു രണ്ടു ഗോളുകളും. 40-ാം മിനിറ്റില്‍ തന്നെ റെനെ താരം ഡാല്‍ബെര്‍ട്ട് ഹെന്റിക്വസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് റെനെ മത്സരം പൂര്‍ത്തിയാക്കിയത്. ചെല്‍സിക്കായി ടാമി എബ്രഹാമും സ്‌കോര്‍ ചെയ്തു. ഗ്രൂപ്പില്‍ ഏഴു പോയന്റുമായി ഒന്നാം സ്ഥാനത്താണ് ചെല്‍സി.

Content Highlights: UEFA Champions League win for Chelsea Juventus Barcelona