പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിഫൈനലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍. ഇന്ന് രാത്രി 12.30ന് പാരീസിലാണ് ആദ്യപാദ മത്സരം നടക്കുന്നത്.

ചരിത്രം മാഞ്ചെസ്റ്റര്‍ സിറ്റിക്ക് അനുകൂലമാണ്. യൂറോപ്യന്‍ മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരേ പി.എസ്.ജി. ജയിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ കിരീടം നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് പി.എസ്.ജി. സ്പാനിഷ് ടീമായ ബാഴ്‌സലോണയെയും നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെയും കീഴടക്കിയാണ് ഫ്രഞ്ച് ക്ലബ്ബ് സെമിയിലെത്തിയത്.

നെയ്മര്‍ കൈലിയന്‍ എംബാപ്പെ മൗറോ ഇക്കാര്‍ഡി ത്രയം കളിക്കുന്ന മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. ഇംഗ്ലീഷ് ലീഗ് കപ്പ് നേടുകയും പ്രീമിയര്‍ ലീഗ് ഏറക്കുറെ ഉറപ്പിക്കുകയും ചെയ്ത സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ ഏറെ കൊതിക്കുന്നുണ്ട്. 

കെവിന്‍ ഡ്രിബ്രുയ്ന്‍ നേതൃത്വം നല്‍കുന്ന മധ്യനിരയും വിങ്ങര്‍മാരുടെ റോളിലെത്തുന്ന ഫില്‍ ഫോഡനും റിയാദ് മഹ്‌റെസും മികച്ച ഫോമില്‍ കളിക്കുന്നത് സിറ്റിക്ക് ആത്മവിശ്വാസം പകരുന്നു. ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയതിനുശേഷമാണ് സിറ്റി ഇന്ന് മത്സരത്തിനിറങ്ങുന്നത്. 

Content Highlights: UEFA Champions league semi final first leg, Manchester City vs PSG