മാഞ്ചെസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന പോരാട്ടത്തില്‍ പി.എസ്.ജിയെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ സിറ്റി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. മറ്റ് പ്രധാന മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെ മിലാന്‍ വീഴ്ത്തിയപ്പോള്‍ ലിവര്‍പൂളും റയല്‍ മഡ്രിഡും വിജയിച്ചു. കരുത്തരായ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ അട്ടിമറിച്ചു. 

പി.എസ്.ജിയോട് പകരം ചോദിച്ച് സിറ്റി

ഗ്രൂപ്പ് എയില്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ വെച്ചുനടന്ന മത്സരത്തില്‍ പി.എസ്.ജിയാണ് ആദ്യം ലീഡെടുത്തത്. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയില്‍ 50-ാം മിനിട്ടില്‍ കിലിയന്‍ എംബാപ്പെയിലൂടെ പി.എസ്.ജി ലീഡെടുത്തു. മെസ്സിയുടെ പാസില്‍ നിന്നാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്. എന്നാല്‍ പി.എസ്.ജിയുടെ സന്തോഷത്തിന് വെറും 13 മിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 63-ാം മിനിട്ടില്‍ റഹീം സ്‌റ്റെര്‍ലിങ്ങിലൂടെ സിറ്റി ഒരു ഗോള്‍ തിരിച്ചടിച്ചു. കൈല്‍ വാക്കറുടെ പാസിന് കൃത്യമായി കാലുവെച്ച് സ്റ്റെര്‍ലിങ് സിറ്റിയ്ക്ക് സമനില സമ്മാനിച്ചു. 

മത്സരത്തിന്റെ 76-ാം മിനിട്ടിലാണ് സിറ്റി വിജയഗോള്‍ നേടിയത്. റിയാസ് മെഹ്‌റസിന്റെ പാസ് സ്വീകരിച്ച ബെര്‍ണാഡോ സില്‍വ പന്ത് ഗബ്രിയേല്‍ ജെസ്യൂസിന് നല്‍കി. അനായാസ ഫിനിഷിങ്ങിലൂടെ ജെസ്യൂസ് സിറ്റിയ്ക്ക് വിജയം നേടിക്കൊടുത്തു. നെയ്മറും മെസ്സിയും എംബാപ്പെയും ഡി മരിയയുമെല്ലാം കളിക്കാനിറങ്ങിയിട്ടും പി.എസ്.ജിയ്ക്ക് വിജയം നേടാനായില്ല. പി.എസ്.ജി ഗോള്‍കീപ്പര്‍ നവാസിന്റെ തകര്‍പ്പന്‍ സേവുകളാണ് ടീമിന്റെ പരാജയഭാരം കുറച്ചത്. ഈ വിജയത്തോടെ സിറ്റി പ്രീ ക്വാര്‍ട്ടറിലെത്തി. ആദ്യ പാദ മത്സരത്തില്‍ പി.എസ്.ജി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിറ്റിയെ കീഴടക്കിയിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്ലബ്ബ് ബ്രഗ്ഗിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ആര്‍.ബി.ലെയ്പ്‌സിഗ് പരാജയപ്പെടുത്തി. 

മരണഗ്രൂപ്പില്‍ അപരാജിതരായി ലിവര്‍പൂള്‍, മിലാന് ആദ്യ ജയം

മരണ ഗ്രൂപ്പായി കണക്കാക്കുന്ന ഗ്രൂപ്പ് ബിയില്‍ കരുത്തരായ അത്‌ലറ്റിക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് എ.സി.മിലാന്‍ കീഴടക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ മോശം ഫോം തുടരുന്ന അത്‌ലറ്റിക്കോ അഞ്ചുമത്സരങ്ങളില്‍ വഴങ്ങുന്ന മൂന്നാം തോല്‍വിയാണിത്. മിലാന്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി. 87-ാം മിനിട്ടില്‍ ജൂനിയര്‍ മെസ്സിയാസാണ് മിലാന് വേണ്ടി വിജയഗോള്‍ നേടിയത്. വിജയിച്ചെങ്കിലും മിലാന്റെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലാണ്. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ ലിവര്‍പൂള്‍ പോര്‍ട്ടോയെ കീഴടക്കി അപരാജിതക്കുതിപ്പ് തുടര്‍ന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ വിജയം. സൂപ്പര്‍ താരം മുഹമ്മദ് സലയും തിയാഗോ അല്‍കാന്ററയും ചെമ്പടയ്ക്ക് വേണ്ടി വലകുലുക്കി. കളിച്ച അഞ്ചുമത്സരങ്ങളും വിജയിച്ച ലിവര്‍പൂള്‍ നേരത്തേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. പോര്‍ട്ടോയാണ് ഗ്രൂപ്പില്‍ രണ്ടാമത്. മിലാന്‍ മൂന്നാമതും അത്‌ലറ്റിക്കോ അവസാന സ്ഥാനത്തുമാണ്. 

പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് റയലും ഇന്ററും

ഗ്രൂപ്പ് ഡിയില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ് ഷെറീഫിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ പാദ മത്സരത്തില്‍ ഷെറീഫ് റയലിനെ അട്ടിമറിച്ചിരുന്നു. റയലിനായി ഡേവിഡ് അലാബ, ടോണി ക്രൂസ്, കരിം ബെന്‍സേമ എന്നിവര്‍ വലകുലുക്കി. ഈ വിജയത്തോടെ റയല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്റര്‍ മിലാന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷാക്തര്‍ ഡോണെട്‌സ്‌കിനെ കീഴടക്കി. എഡിന്‍ സെക്കോയുടെ ഇരട്ട ഗോളുകളാണ് ഇന്ററിനെ തുണച്ചത്. ഈ വിജയത്തോടെ ഇന്റര്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. 

തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ഡോര്‍ട്ട്മുണ്ട്, കുതിപ്പ് തുടര്‍ന്ന് അയാക്‌സ്

ഗ്രൂപ്പ് സിയില്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ ശനിദശ മാറുന്നില്ല. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. ഒടുവില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണാണ് ഡോര്‍ട്ട്മുണ്ടിനെ കീഴടക്കിയത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സ്‌പോര്‍ട്ടിങ്ങിന്റെ വിജയം. പോര്‍ച്ചുഗീസ് ക്ലബ്ബിനായി പെഡ്രോ ഗോണ്‍സാല്‍വസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പെഡ്രേ പോറോയും വലകുലുക്കി. ഡോര്‍ട് മുണ്ടിനായി ഡോണ്‍യെല്‍ മാലെന്‍ ആശ്വാസ ഗോള്‍ നേടി. 

ഗ്രൂപ്പില്‍ അപരാജിതക്കുതിപ്പ് തുടരുന്ന അയാക്‌സ് തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കി. ബെസ്‌കിറ്റാസിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് അയാക്‌സ് കീഴടക്കിയത്. സൂപ്പര്‍ താരം സെബാസ്റ്റ്യന്‍ ഹാളര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റാച്ചിഡ് ഗെസല്‍ ബെസിക്റ്റാസിനായി ആശ്വാസ ഗോള്‍ നേടി. അയാക്‌സ് നേരത്തേ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. 

Content Highlights: UEFA Champions league round five results, manchester city, liverpool, psg, real madrid, ajax