Photo: Laszlo Balogh|AP
ബുദാപെസ്റ്റ്: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ബാഴ്സലോണ, പി.എസ്.ജി, യുവെന്റസ്, ചെല്‍സി ടീമുകള്‍ക്ക് ജയം.
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ഹംഗേറിയന്‍ ക്ലബ്ബ് ഫെറാങ്ക്വാറോസിനെതിരേ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ബാഴ്സലോണയുടെ ജയം. മെസ്സിക്ക് വിശ്രമം നല്കിയ മത്സരത്തില്‍ 14-ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാന്, 20-ാം മിനിറ്റില്‍ മാര്ട്ടിന് ബ്രാത്ത്വെയ്റ്റ്, 28-ാം മിനിറ്റില്‍ ഒസുമാനെ ഡെംബലെ എന്നിവരാണ് സ്പാനിഷ് ടീമിനായി സ്കോര്‍ ചെയ്തത്. പെനാല്‍റ്റിയിലൂടെയായിരുന്നു ഡെംബലെയുടെ ഗോള്‍.
ഗ്രൂപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സ. ഡൈനാമോ കീവിനെതിരായ കഴിഞ്ഞ മത്സരത്തിലും മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സ എതിരില്ലാത്ത നാലു ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു.
റോണോയ്ക്ക് 750
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു മത്സരത്തിന്റെ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരികെയെത്തിയ മത്സരത്തില്‍ ഡൈനാമോ കീവിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് യുവെന്റസ്.
21-ാം മിനിറ്റില്‍ ഫെഡെറിക്കോ കിയെസയാണ് യുവെയുടെ ആദ്യ ഗോള്‍ നേടിയത്. 57-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയുടെ പാസില്‍ നിന്ന് വലകുലുക്കിയ റൊണാള്‍ഡോ കരിയറില്‍ 750 ഗോളുകളെന്ന നേട്ടം സ്വന്തമാക്കി. 66-ാം മിനിറ്റില്‍ മൊറാട്ട യുവെയുടെ ഗോള്‍ പട്ടിക തികച്ചു.
ജയത്തോടെ ഗ്രൂപ്പ് ജിയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി രണ്ടാം സ്ഥാനത്താണ് യുവെന്റസ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബാഴ്സയാണ് യുവെയുടെ എതിരാളികള്‍.
നെയ്മറുടെ ഇരട്ട ഗോളില്‍ യുണൈറ്റഡിനെ വീഴ്ത്തി പി.എസ്.ജി
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. യുണൈറ്റഡിന്റെ സ്വന്തം മൈതാനത്തില്‍ പി.എസ്.ജി ജയിച്ചുകയറി.
മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ നെയ്മര്‍ പി.എസ്.ജിയെ മുന്നിലെത്തിച്ചു. 32-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. എന്നാല്‍ 69-ാം മിനിറ്റില്‍ വീണ്ടും പി.എസ്.ജി ലീഡെടുത്തു. മാര്ക്കിന്യോസാണ് അവര്‍ക്കായി സ്കോര്‍ ചെയ്തത്. ഇതിനിടെ ഇതിനിടെ 70-ാം മിനിറ്റില്‍ ഫ്രെഡ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും അവര്‍ക്ക് തിരിച്ചടിയായി. പിന്നാലെ യുണൈറ്റഡ് സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ ഇന്‍ജുറി ടൈമില്‍ നെയ്മര്‍ രണ്ടാമതും അവരുടെ വലകുലുക്കി.
ഫിനിഷിങ്ങിലെ പോരായ്മയാണ് യുണൈറ്റഡിന് വിനയായത്. ലഭിച്ച രണ്ട് സുവര്ണാവസരങ്ങള് മാര്‍ഷ്യല്‍ പാഴാക്കിയതും അവര്‍ക്ക് തിരിച്ചടിയായി. ജയത്തോടെ ഗ്രൂപ്പില്‍ പി.എസ്.ജിക്കും യുണൈറ്റഡിനും ആര്.ബി ലെയ്പ്സിഗിനും ഒമ്പത് പോയന്റ് വീതമായി. ഇതോടെ അവസാന ഗ്രൂപ്പ് മത്സരം മൂവര്‍ക്കും നിര്‍ണായകമായി.
നാലടിച്ച് ജിറൂദ്
സ്ട്രൈക്കര്‍ ഒളിവര്‍ ജിറൂദ് നാലു ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ഗ്രൂപ്പ് ഇയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യയെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് ചെല്‍സി. 8, 54, 74, 83 മിനിറ്റുകളിലായിരുന്നു ജിറൂദിന്റെ ഗോളുകള്‍. ഗ്രൂപ്പില്‍ തുടര്‍ച്ചയായ നാലാം ജയത്തോടെ ഒന്നാം സ്ഥാനത്താണ് ചെല്‍സി.
Content Highlights: UEFA Champions League Ronaldo scores 750th goal Juventus PSG Barcelona wins
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..