മാഡ്രിഡ്: ചാമ്പ്യന്‍ ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് യുക്രൈന്‍ ക്ലബ്ബ് ഷക്തര്‍. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഷക്തറിന്റെ ജയം. 

ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍ ലീഗ് കിരീടങ്ങളെന്ന പെരുമയുള്ള ക്ലബ്ബിന് ഷക്തറിനു മുന്നില്‍ അടിപതറി. 

ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ക്ക് മുന്നിലെത്തിയ ഷക്തര്‍, മുന്‍ ചാമ്പ്യന്‍മാരെ ഞെട്ടിച്ച പ്രകടനമാണ് പുറത്തെടുത്തത്. കോവിഡും പരിക്കും കാരണം പത്തോളം സീനിയര്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ടും അതൊന്നും ഷക്തറിന്റെ മുന്നേറ്റത്തെ ബാധിച്ചില്ല. 

ആദ്യ ഇലവനില്‍ കരീം ബെന്‍സേമ, ടോണി ക്രൂസ്, സെര്‍ജിയോ റാമോസ് എന്നിവരില്ലാതെയിറങ്ങിയ റയലിന് ഷക്തറിനു മുന്നില്‍ മറുപടിയില്ലാതായി.

29-ാം മിനിറ്റില്‍ ടെറ്റെയിലൂടെ ഷക്തര്‍ ആദ്യ ഗോള്‍ നേടി. മികച്ച ആക്രമണങ്ങള്‍ പുറത്തെടുത്തതിന്റെ ഫലമായിട്ടായിരുന്നു ആ ഗോള്‍. 33-ാം മിനിറ്റില്‍ റയല്‍ താരം റാഫേല്‍ വരാന്റെ സെല്‍ഫ് ഗോളില്‍ ഷക്തറിന്റെ ലീഡുയര്‍ന്നു. 42-ാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മനോര്‍ സോളമന്‍ ഷക്തറിന്റെ ഗോള്‍ പട്ടിക തികച്ചു. 

രണ്ടാം പകുതിയില്‍ ബെന്‍സേമയേയും ക്രൂസിനേയും സിദാന് കളത്തിലിറക്കേണ്ടി വന്നു. ബെന്‍സേമ ഇറങ്ങിയതോടെയാണ് റയല്‍ ആക്രമണങ്ങള്‍ക്ക് കരുത്ത് ലഭിച്ചത്. 54-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ച് റയലിനായി ഒരു ഗോള്‍ മടക്കി. 59-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ രണ്ടാം ഗോളും സ്വന്തമാക്കി. 

തുടര്‍ന്ന സമനില ഗോളിനായി റയല്‍ ആക്രമണങ്ങളുമായി കളംനിറഞ്ഞപ്പോള്‍ ഷക്തര്‍ അതെല്ലാം മികച്ച രീതിയില്‍ പ്രതിരോധിച്ചു. 80-ാം മിനിറ്റില്‍ റയല്‍ പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്‌സൈഡായി.

Content Highlights: UEFA Champions League Real Madrid were handed a shock defeat by Shakhtar Donetsk