ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് മുന്നേറി. ഇരു പാദങ്ങളിലുമായി 3-1ന്റെ ജയം സ്വന്തമാക്കിയാണ് റയലിന്റെ സെമി പ്രവേശനം. 

മാഡ്രിഡില്‍ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് റയല്‍ ചെമ്പടയെ മറികടന്നിരുന്നു. 

ആന്‍ഫീല്‍ഡില്‍ മികച്ച പ്രതിരോധമാണ് റയല്‍ കാഴ്ച വെച്ചത്. ലിവര്‍പൂളിനാകട്ടെ ലഭിച്ച അവസരങ്ങള്‍ പലതും മുതലാക്കാന്‍ സാധിച്ചില്ല. 

എട്ടു വര്‍ഷത്തിനിടെ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന റയലിന് സെമിയില്‍ ചെല്‍സിയാണ് എതിരാളികള്‍.

ഡോര്‍ട്ട്മുണ്‍ഡിനെ തകര്‍ത്ത് സിറ്റി

ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ സിറ്റിയും ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടന്നു. ഡോര്‍ട്ട്മുണ്‍ഡിന്റെ മൈതാനത്ത് നടന്ന രണ്ടാംപാദ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.

ഇരു പാദങ്ങളിലുമായി 4-2ന്റെ ജയത്തോടെയാണ് സിറ്റിയുടെ സെമി പ്രവേശനം. 

15-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാം ഡോര്‍ട്ട്മുണ്‍ഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ 55-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റിയാദ് മെഹ്‌രെസും 75-ാം മിനിറ്റില്‍ ഫില്‍ ഫോഡനും സ്‌കോര്‍ ചെയ്തതോടെ സിറ്റി മത്സരം സ്വന്തമാക്കി. 

പി.എസ്.ജിയാണ് സെമിയില്‍ സിറ്റിയുടെ എതിരാളികള്‍.

Content Highlights: UEFA Champions League Real Madrid, Manchester City qualify for semi-finals